അധികൃതരെ കബളിപ്പിച്ച് സര്‍വീസില്‍ കയറി; കൊലക്കേസ് പ്രതി കാക്കിയണിഞ്ഞത് 19 വര്‍ഷം

രുദ്രപുർ: കൊലക്കേസ് പ്രതി ഉത്തരാഖണ്ഡ് പോലീസിൽ കോൺസ്റ്റബിളായി ജോലിചെയ്തത് 19 വർഷം. 1997 ൽ ഉത്തർപ്രദേശിലെ ഒരു കൊലക്കേസിൽ പ്രതിയായ മുകേഷ് കുമാറാണ് അധികൃതരെ കബളിപ്പിച്ച് സർവീസിൽ കയറിപ്പറ്റിയത്. എന്നാൽ കഴിഞ്ഞദിവസം മുകേഷ് കുമാറിനെക്കുറിച്ചുള്ള പഴയവിവരങ്ങൾ പോലീസിന് ലഭിച്ചതോടെ കള്ളത്തരം പൊളിയുകയായിരുന്നു. 1997 ൽ ഉത്തർപ്രദേശിലെ ബരേലിയിൽ നടന്ന കൊലപാതകത്തിലാണ് മുകേഷ് കുമാർ പ്രതിയായത്. ഈ കേസിൽ പിടിക്കപ്പെടാതെ രക്ഷപ്പെട്ട ഇയാൾ നാലുവർഷത്തിന് ശേഷം ഉത്തരാഖണ്ഡ് പോലീസ് റിക്രൂട്ട്മെന്റിൽ അപേക്ഷ നൽകി. വ്യാജ വിലാസം നൽകിയാണ് പോലീസ് റിക്രൂട്ട്മെന്റിൽ പങ്കെടുത്തത്. തുടർന്ന് കോൺസ്റ്റബിളായി നിയമനവും ലഭിച്ചു.

19 വർഷമായി സർവീസിൽ തുടരുന്ന മുകേഷ് ഇതുവരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ജോലിചെയ്തിട്ടുണ്ട്. നിലവിൽ അൽമോറ പോലീസ് സ്റ്റേഷനിൽ ജോലിചെയ്യുന്ന ഇയാൾക്കെതിരെ പോലീസിനെ കബളിപ്പിച്ചതിന് കേസെടുത്തതായും വിശദമായ അന്വേഷണത്തിന് ശേഷം തക്കതായ നടപടി സ്വീകരിക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.