എന്‍.ആര്‍.സി ദേശവ്യാപകമായി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ദേശീയ പൗരത്വ പട്ടിക ദേശവ്യാപകമായി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യമറിയിച്ചത്. എന്‍.ആര്‍.സി വിഷയം വിവാദമായ ശേഷം ആദ്യമാ‍യാണ് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നത്.

ദേശീയ പൗരത്വ പട്ടിക രാജ്യമൊട്ടാകെ നടപ്പാക്കാന്‍ ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് എഴുതി നില്‍കിയ വിശദീകരണം. ദേശീയ തലത്തില്‍ എന്‍.ആര്‍.സി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിനാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നല്‍കിയത്.

അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ പട്ടികയുടെ മാതൃകയില്‍ രാജ്യമൊട്ടാകെ എന്‍.ആര്‍.സി നടപ്പാക്കുമെന്ന നിലപാടാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും സ്വീകരിച്ചു വരുന്നത്. പു​തു​ക്കു​ന്ന ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക (​എ​ന്‍.​ആ​ര്‍.​സി) നടപ്പാക്കാനാണ് കേന്ദ്രം നീക്കമെന്നാണ് റിപ്പോര്‍ട്ട്.

വിവാദമായ പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്‍റ് നേരത്തെ പാസാക്കിയിരുന്നു. ഇതു പ്രകാരം 2014 ഡിസംബര്‍ 31 കാലപരിധിയില്‍ ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ മതവിഭാഗക്കാരായ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. നിലവില്‍ ഇന്ത്യന്‍ പൗരത്വത്തിന് 11 വര്‍ഷം രാജ്യത്ത് താമസിക്കണമെന്നത് അഞ്ച് വര്‍ഷമായി കേന്ദ്രം കുറക്കുകയും ചെയ്തു.