കടകളില്‍ നിരോധിത പ്ലാസ്റ്റിക് കവര്‍ ഉപയോഗം: കര്‍ശന നടപടിയുമായി കൂത്തുപറമ്പ് നഗരസഭ

കൂത്തുപറമ്പ്: പ്ലാസ്റ്റിക് നിരോധനം ലംഘിക്കുന്ന വ്യാപാരികളെ കണ്ടെത്താന്‍ കൂത്തുപറമ്ബ് നഗരസഭ പരിശോധന കര്‍ശനമാക്കുന്നു. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ടൗണിലെ കടകളില്‍ നടത്തിയ പരിശോധനയില്‍ കിലോക്കണക്കിന് പ്ലാസ്റ്റിക് കവറുകള്‍ പിടികൂടി. സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് നിരോധനം സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നു. ഇതിനുശേഷം ഒരുമാസം സമയപരിധിയും നല്‍കി. തുടര്‍ന്നും നിയമലംഘനം തുടരുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കൂത്തുപറമ്ബ് നഗരസഭാ ആരോഗ്യവിഭാഗം കൂത്തുപറമ്ബ് നഗരത്തിലെ കടകളില്‍ വ്യാഴാഴ്ച പരിശോധന നടത്തിയത്.

രാവിലെ ആരംഭിച്ച പരിശോധന വൈകുന്നേരംവരെ നീണ്ടുനിന്നു. 120-ഓളം കടകളില്‍ പരിശോധന നടത്തിയപ്പോള്‍ 36 കടകളില്‍നിന്നാണ് കിലോകണക്കിന് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പിടികൂടിയത്. ഇതിലധികവും നോണ്‍ വുവണ്‍ ഇനത്തില്‍പ്പെട്ടവയാണ്. ഇത്തവണ ആരില്‍നിന്നും പിഴ ഈടാക്കേണ്ടെന്നാണ് നഗരസഭാധികൃതരുടെ തീരുമാനം. വരുംദിവസങ്ങളിലും പരിശോധന തുടരും. തുടര്‍ന്നങ്ങോട്ട് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടികൂടിയാല്‍ 10000, 25000, 50000 എന്നിങ്ങനെ പിഴ ചുമത്താനും മൂന്നാംതവണയും പിടികൂടിയാല്‍ കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുമാണ് സര്‍ക്കാര്‍ തീരുമാനം. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.പി.ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ.അനീഷ്, ബാബു പനക്കാടന്‍, എം.ഹനിഷ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.