അസൗകര്യങ്ങളില്‍ വലയുമ്പോഴും തുറക്കാതെ ബഡ്‌സ് സ്കൂള്‍ കെട്ടിടം
മയ്യില്‍: ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനുവേണ്ടി നിര്‍മിച്ച പഴയ കെട്ടിടത്തില്‍ അസൗകര്യങ്ങള്‍ മാത്രം. ഇതിനു സമീപത്ത് നിര്‍മിച്ച ബഡ്സ് സ്കൂള്‍ തുറക്കാതെ കിടക്കുന്നു.
മയ്യില്‍ പഞ്ചായത്തിലെ പൊയ്യൂരിലാണിത്. ആറുവര്‍ഷം മുമ്പ് വനിതകള്‍ക്കായുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ ലക്ഷ്യമിട്ട് നിര്‍മിച്ച ആസ്ബസ്റ്റോസ് പാകിയ ചെറിയ കെട്ടിടത്തിലാണ് ഇപ്പോള്‍ ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
ഹാളിനകത്ത് വേനല്‍ക്കാലത്തെ അസഹനീയമായ ചൂട് കുറയ്ക്കുന്നതിനായി നിര്‍മിച്ച സീലിങ്ങുകള്‍ അടര്‍ന്നുവീണു. 25-ഓളം മുതിര്‍ന്നവരായ ഭിന്നശേഷിക്കാര്‍ക്കുള്ള ഹാളില്‍ത്തന്നെയാണ് അടുക്കളയും പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ ജനല്‍പാളികളെല്ലാം തകര്‍ന്നനിലയിലാണ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കാവശ്യമായ കായികപരിശീലനം, ഫിസിയോ തെറാപ്പി എന്നിവയ്ക്കാവശ്യമായ ഒരുപകരണവും ഇവിടെ ലഭിച്ചില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കുട്ടികളുടെ വിനോദാവശ്യത്തിനുള്ള ടെലിവിഷനും കളിയുപകരണങ്ങളും ഇവിടെയില്ല.
പഞ്ചായത്തിന്റെ തനത് ഫണ്ടുപയോഗിച്ചാണ് ഒന്നരവര്‍ഷം മുമ്ബ് ഇതിനു സമീപത്തായി മനോഹരമായ കെട്ടിടം പണിതത്. എന്നാല്‍ ഇവിടേക്കാവശ്യമായ ജലലഭ്യതയ്ക്ക് കുഴല്‍ക്കിണര്‍ കുഴിച്ചെങ്കിലും വെള്ളം കിട്ടിയിരുന്നില്ല. ഇതുമൂലമാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുന്നത്. ബഡ്‌സ് പുനരധിവാസകേന്ദ്രത്തില്‍ ഒരധ്യാപികയും ഒരു ആയയുമാണ് ഇപ്പോഴുള്ളത്. ഇവരുടെ വേതനവും പഞ്ചായത്താണ് വഹിക്കുന്നത്.
പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് കുഴല്‍ക്കിണര്‍ കുഴിച്ചെങ്കിലും ജലലഭ്യതയില്ലാത്തതാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകാനിടയാക്കിയത്. ഇതിനു സമീപത്തായുള്ള തുറന്നകിണറില്‍ മോട്ടോര്‍ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാന്‍ തീരുമാനമായിട്ടുണ്ട്. അടുക്കളഭാഗത്ത് നവീകരണം നടത്തുന്നതിനും മോട്ടോറിനുമായി നാലുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. - സി.കെ.പുരുഷോത്തമന്‍, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍. മയ്യില്‍ പഞ്ചായത്ത്.
0 Comments