ഡല്‍ഹി ആര് ഭരിക്കും... വോട്ടെണ്ണല്‍ എട്ട് മണി മുതല്‍, ഒരുക്കങ്ങള്‍ തുടങ്ങി
ന്യൂഡല്‍ഹി: മിനിറ്റുകള്‍ മാത്രം ബാക്കി. ഒരുമാസംനീണ്ട പോരാട്ടത്തിന്റെ ഫലമറിയാന്‍ ഡല്‍ഹി മാത്രമല്ല, രാജ്യവും രാജ്യാന്തരസമൂഹവും കാതോര്‍ക്കുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കുമ്ബോള്‍ രാജ്യതലസ്ഥാനത്തിന്റെ രാഷ്ട്രീയനിറം എന്തായിരിക്കുമെന്നതിലാണ് ആകാംക്ഷ.
വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് മൂന്ന് ആഴ്ചകളായി ഡല്‍ഹി കണ്ടത്. എ.എ.പി.ക്ക് ഭരണത്തുടര്‍ച്ച, ബി.ജെ.പി.ക്ക് ഭരണം പിടിക്കല്‍, കോണ്‍ഗ്രസിന് ഭരണം വീണ്ടെടുക്കല്‍ എന്നിങ്ങനെയാണ് ലക്ഷ്യം. ആവനാഴിയിലെ അവസാനത്തെ ആയുധവും പ്രയോഗിച്ചാണ് പാര്‍ട്ടികള്‍ ഏറ്റുമുട്ടിയത്.
എന്നാല്‍, പാര്‍ട്ടികളുടെ ഈ പോരാട്ടവീര്യം വോട്ടര്‍മാര്‍ ഏറ്റെടുത്തതിന്റെ സൂചനകള്‍ കാണാനില്ല. 2015-നേക്കാള്‍ അഞ്ചുശതമാനം കുറഞ്ഞ പോളിങ്ങാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2015-ല്‍ 67.12 ശതമാനംപേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍, ഇത്തവണ 62.15 ശതമാനമായി പോളിങ് നില. അതിശക്തമായ തിരഞ്ഞെടുപ്പുയുദ്ധമരങ്ങേറിയിട്ടും പോളിങ് കുറഞ്ഞത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. ഇതേക്കുറിച്ച് പരിശോധിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്. അവസാന പോളിങ് നില പ്രഖ്യാപിക്കാന്‍ ഒരു ദിവസം വൈകിയതും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. 21 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.
ശനിയാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എ.എ.പി.ക്ക് അനുകൂലമായ വിധിയാണ് നല്‍കിയത്. 48 മുതല്‍ 68 വരെ സീറ്റുകള്‍ എ.എ.പി.ക്കും 2 മുതല്‍ 15 വരെ സീറ്റുകള്‍ ബി.ജെ.പി.ക്കും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് സീറ്റൊന്നും കരുതിവെക്കുന്നില്ല. എ.എ.പി. കേന്ദ്രങ്ങള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചു. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിപ്പറഞ്ഞ ബി.ജെ.പി. കനത്ത ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. എക്‌സിറ്റ് പോളിനല്ല, എക്‌സാറ്റ് (യഥാര്‍ഥ) പോളിനായി കാത്തിരിക്കാനാണ് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞത്. ബി.ജെ.പി.യുടെ അപ്രതീക്ഷിത ആത്മവിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍, വോട്ടിങ് യന്ത്രങ്ങളുടെ ദുരുപയോഗം എന്ന ആരോപണം എ.എ.പി. ശനിയാഴ്ചതന്നെ ഉയര്‍ത്തിയിട്ടുണ്ട്. യന്ത്രം സൂക്ഷിക്കുന്ന കേന്ദ്രങ്ങളില്‍ എ.എ.പി. പ്രവര്‍ത്തകര്‍ കാവലും ഏര്‍പ്പെടുത്തി.
എ.എ.പി.യുടെ പ്രതീക്ഷകളുടെയും ബി.ജെ.പി.യുടെ ആത്മവിശ്വാസത്തിന്റെയും പൊരുളറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം ബാക്കി.
0 Comments