ഇരിട്ടി: കൊടിമര പ്രതിഷ്ഠാ ചടങ്ങുകളോടെ ഒരാഴ്ചയിലേറെയായി നടന്നുവരുന്ന കീഴൂർ മഹാവിഷ്‌ണു ക്ഷേത്ര മഹോത്സവം സമാപിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നടന്ന ആറാട്ടു എഴുന്നള്ളത്തിന് ശേഷം കൊടിയിറക്കൽ ചടങ്ങുകളോടെയാണ് ഉത്സവത്തിന് സമാപനമായത്.
തിങ്കളാഴ്ച രാത്രി ഉത്സവത്തിലെ പ്രധാന ചടങ്ങായ പള്ളിവേട്ട നടന്നു. ചെറുതാഴം ചന്ദ്രന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ പഞ്ചവാദ്യം പാണ്ടിമേളം എന്നിവയുടെ അകമ്പടിയോടെ നടന്ന പള്ളിവേട്ടചടങ്ങിൽ നിരവധി ഭക്തജനങ്ങളാണ് പങ്കെടുത്തത്. തുടർന്ന് ക്ഷേത്രത്തോട് ചേർന്ന ബാവലിയിൽ ഗംഗാജ്യോതി സമർപ്പണവും നടന്നു. ചൊവ്വാഴ്ച വൈകുന്നേരം ക്ഷേത്രത്തിന് സമീപത്തെ ബാവലി പുഴക്കടവിൽ ആറാട്ട് ബലി, ആറാട്ട്, ഗജവീരന്റെ പുറത്ത് തിടമ്പേറ്റി ആറാട്ട് എഴുന്നളത്ത് എന്നിവ നടന്നു. തുടർന്ന് കൊടിമരച്ചുവട്ടിൽ പറയെടുപ്പ് , വലിയകാണിക്ക സമർപ്പണം എന്നിവക്ക് ശേഷം കൊടിയിറക്കൽ ചടങ്ങോടെ ഉത്സവം സമാപിച്ചു. ഉച്ചക്ക് നടന്ന സമൂഹസദ്യയിൽ നിരവധി ഭക്ത ജനങ്ങൾ പങ്കാളികളായി.
0 Comments