പഴയങ്ങാടി: കൂട്ടുകാര്‍ക്കൊപ്പം കളിച്ചുനടക്കേണ്ട പ്രായത്തില്‍ സാഹസിക നീന്തലിലൂടെ സമൂഹത്തിന് പുതിയ പാഠം പകര്‍ന്നുനല്‍കുകയാണ് 12-കാരിയായ സ്വാലിഹ. സുല്‍ത്താന്‍ കനാല്‍ മാലിന്യത്തോടാക്കി മാറ്റാതിരിക്കാനുള്ള ദൗത്യമേറ്റെടുത്ത് ബോധവത്കരണ സന്ദേശവുമായാണ് ഇത്തവണ നീന്തിയത്. നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സുല്‍ത്താന്‍ തോട്ടിലൂടെയായിരുന്നു അവളുടെ നീന്തല്‍. സുല്‍ത്താന്‍ കനാലിന്റെ മുട്ടം ഭാഗത്തുനിന്ന് പഴയങ്ങാടി പുഴയുടെ ഭാഗം വരെയായിരുന്നു ഇത്.

പുഴകളിലും കായലുകളിലും തോടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്ന മുദ്രാവാക്യവുമായി പുഞ്ചക്കാട് പുന്നക്കടവ് പാലം മുതല്‍ മുട്ടം പാലക്കോട് പാലംവരെ 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുഴയില്‍ ഈമാസം ആദ്യം നീന്തി ഈ മിടുക്കി തന്റെ കഴിവ് തെളിയിച്ചിരുന്നു. വാദി ഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ സ്വാലിഹ ഒന്നാംക്ലാസില്‍ പഠിക്കുമ്ബോള്‍ത്തന്നെ പൊതുഇടങ്ങളിലും വിദ്യാലയങ്ങളിലും വൃക്ഷത്തൈ നട്ടുപിടിപ്പിച്ച്‌ പ്രകൃതിസ്നേഹം പ്രകടിപ്പിച്ചിരുന്നു. പുതിയങ്ങാടിയിലെ ഏണ്ടിയില്‍ റഫീഖിന്റെയും കെ.വി.ജാസ്മിന്റെയും മക്കളില്‍ മൂത്തവളാണ് സ്വാലിഹ.

സുല്‍ത്താന്‍തോടിന്റെ മനോഹാരിത നിലനിര്‍ത്താന്‍ ഇനിയൊരാളും ഇതിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയരുതേയെന്നാണ് ഈ കുട്ടിയുടെ അപേക്ഷ. സമൂഹം ഇത് ഏറ്റെടുക്കണമെന്നാണ് ആവശ്യം. 'താര വാടിക്കല്‍' എന്ന സാംസ്കാരികവേദിയാണ് പരിപാടി സംഘടിപ്പിച്ചത്. പഴയങ്ങാടി പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.ഷാജു ചടങ്ങ് ഫ്ളാഗ് ഓഫ് ചെയ്തു. സ്വാലിഹ പഠിക്കുന്ന വിദ്യാലയത്തിലെ കുട്ടികളും തോടിന്റെ സമീപത്തെ സ്കൂള്‍ വിദ്യാര്‍ഥികളും പ്രോത്സാഹിപ്പിക്കാനെത്തി.

സ്വാലിഹയുടെ പിതാവ് റഫീഖിന്റെ നേതൃത്വത്തിലുള്ള മലബാര്‍ അഡ്വഞ്ചറില്‍നിന്ന് കയാക്കിങ്ങില്‍ പ്രത്യേക പരിശീലനംനേടിയ മിനാര്‍ എമര്‍ജന്‍സി ആന്‍ഡ് ഇന്റര്‍വെന്‍ഷന്‍ ടീമിന്റെ എട്ട് യുവ കര്‍മസേനാംഗങ്ങളുടെ സുരക്ഷാവലയത്തിലായിരുന്നു സ്വാലിഹ നീന്തിയത്.