ജലസമൃദ്ധിയുടെ നേർകാഴ്ച്ചയായി പഴശ്ശി ജലാശയം

ഇരിട്ടി: വേനൽ കടുത്തുതുടങ്ങി. ജനങ്ങളെ ഭീതിയിലാഴ്ത്തിയ  ഒരു മഹാ പ്രളയത്തിന് ശേഷം നിറഞ്ഞു കവിഞ്ഞൊഴുകിയ പുഴകളും തോടുകളും നീരൊഴുക്കുകൾ വറ്റി വരണ്ട് മെലിഞ്ഞ് തുടങ്ങിയപ്പോൾ ഒരു ഭൂ ഭാഗം മുഴുവൻ പച്ചപ്പണിയിച്ച് കണ്ണിന് കുളിരേകി  ജലസമൃദ്ധമായി നിൽക്കുകയാണ് പഴശ്ശിഅണക്കെട്ടും അതിന്റെ ജലാശയവും.
2012 ൽ ഷട്ടറുകൾ തുറക്കാൻ കഴിയാതെ ഉണ്ടായ വെള്ളപ്പൊക്കവും നാശനഷ്ടങ്ങൾക്കും  ശേഷം പദ്ധതിയുടെ ഷട്ടറുകൾ മുഴുവൻ പുതുക്കി പണിതിരുന്നു. 26. 52 മീറ്റർ ആണ് പദ്ധതിയുടെ സംഭരണ ശേഷി . ഷട്ടറുകൾ പുതുക്കി പണിതതിന്  ശേഷം പദ്ധതിയുടെ സംഭരണശേഷിമുഴുവൻ ഉപയോഗിച്ച് വെള്ളം സംഭരിച്ചു നിർത്തുന്നത് ഈ വർഷമാണ്. സാധാരണയായി ഡിസംബർ ആദ്യമോ മദ്ധ്യത്തിലോ ആണ് പഴശ്ശിയുടെ ഷട്ടറുകൾ അടച്ചിരുന്നതെങ്കിൽ ഈ വര്ഷം നവംബർ ആദ്യവാരം തന്നെ പദ്ധതിയുടെ 16 ഷട്ടറുകളും അടച്ച് ജലം സംഭരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഒരു മാസം തികയുന്നതിനു മുന്നേ പദ്ധതി സംഭരണ ശേഷി കൈവരിച്ചു.
 പദ്ധതി സ്ഥിതിചെയ്യുന്ന വെളിയമ്പ്രയിലെ കുയിലൂർ മുതൽ ഇരിട്ടിയും അതിന്റെ സമീപ പ്രദേശങ്ങളും ജല സമൃദ്ധമായതോടെ വേനൽ കടുത്തിട്ടും പദ്ധതിയുടെ ഓരം ചേർന്ന് നിൽക്കുന്ന എല്ലാ പ്രദേശങ്ങളും പച്ചപ്പണിഞ്ഞ് കിടക്കുകയാണ്. കൂടാതെ മഴ  നിൽക്കുന്നതോടെ ക്രമാതീതമായി ജലവിതാനം താഴാറുള്ള കിണറുകളും ജല സമൃദ്ധമാണ്.
 കണ്ണൂർ ജില്ലയുടെ കുടിവെള്ള സ്ത്രോതസ്സ് കൂടിയാണ് പഴശ്ശി. ജപ്പാൻ സഹായത്തോടെ പ്രവർത്തനമാരംഭിച്ച പട്ടുവം പദ്ധതി, കണ്ണൂർ പട്ടണത്തിന് കുടിവെള്ളം നൽകുന്ന കൊളച്ചേരി പദ്ധതി, തലശ്ശേരിക്ക് വെള്ളമെത്തിക്കുന്ന അഞ്ചരക്കണ്ടി പദ്ധതി എന്നിവ കൂടാതെ കണ്ണൂർ വിമാനത്താവളത്തിനും കുടിനീർ എത്തിക്കുന്നത്  ഈ പദ്ധതിയാണ്. ഇരിട്ടി , മട്ടന്നൂർ മുനിസിപ്പാലിറ്റികളിൽ  കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയുടെ പ്രവർത്തനവും പുരോഗമിക്കുകയാണ്.
ഒരു ജലസേചന പദ്ധതിയായി 1979 ൽ ഭാഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട പഴശ്ശി  പിന്നീട് പൂർണ്ണമായും പരാജയപ്പെടുന്ന കാഴ്ചയായിരുന്നു നമ്മൾ കണ്ടുകൊണ്ടിരുന്നത് . എന്നാൽ ശ്രദ്ധയോടെ കൈകാര്യം ചെയ്‌താൽ പഴശ്ശി കണ്ണൂർ ജില്ലയിൽ കാർഷിക രംഗത്തും അതിന്റേതായ പങ്കു വഹിക്കാൻ സാധിക്കും എന്ന് തന്നെയാണ് ഇപ്പോൾ ജല സമൃദ്ധമായി കിടക്കുന്ന  ജലാശയം കാണിച്ചു തരുന്നത്. കൂടാതെ ഇതിന്റെ ജലാശയം പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ടൂറിസം പദ്ധതികൾക്കും പഴശ്ശിയിൽ അനന്ത സാദ്ധ്യതകൾ ഉണ്ട്.  അതേസമയം പഴശ്ശിയിലെ ജലം ഉപയോഗപ്പെടുത്തിയുള്ള പഴശ്ശി സാഗർ മിനി വൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തിയും പുരോഗതിച്ചു വരികയാണ്.