മാക്കൂട്ടം ചുരം പാത - ഇടിഞ്ഞുതാണ ഭാഗങ്ങൾ ബലപ്പെടുത്തൽ പ്രവർത്തി ഇഴയുന്നു
ഇരിട്ടി: കഴിഞ്ഞ കാലവർഷത്തിൽ ഇടിഞ്ഞുതാണ് ഗതാഗതം തടസ്സപ്പെട്ട മാക്കൂട്ടം ചുരംപാതയിലെ തകർന്ന ഭാഗങ്ങൾ ബലപ്പെടുത്തൽ പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുകയാണ്. ഇപ്പോഴത്തെ നിലയിൽ പ്രവർത്തി നടന്നാൽ ഇനിയും മാസങ്ങൾ തന്നെ വേണ്ടിവരും പ്രവർത്തി പൂർത്തിയാകാൻ. അടുത്ത കാലവർഷത്തിന് മുന്നേ പ്രവർത്തി പൂർണ്ണമാകാത്തപക്ഷം വീണ്ടും പാത അടച്ചിടേണ്ട നിലവരും എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കാലവർഷത്തിലാണ് പാതയിലെ മേമനകൊല്ലിക്ക് സമീപം ചുരം പാത ഇരുപത് മീറ്ററോളം നീളത്തിൽ കൊല്ലിയിലേക്ക് ഇടിഞ്ഞു താണത്. ഒരു മാസത്തിലേറെ പൂർണ്ണമായും വാഹനം നിരോധിച്ച പാത പിന്നീട് ചെറുവാഹനങ്ങൾക്കും ഒന്നര മാസം മുൻപ് മൾട്ടി ആക്സിൽ വാഹങ്ങൾ ഒഴികെയുള്ളവക്ക് തുറന്നുകൊടുക്കുകയും ചെയ്തു. താത്കാലിക ബലപ്പെടുത്തൽ മാത്രം നടത്തിയാണ് വാഹനങ്ങൾക്ക് പാത തുറന്നു കൊടുത്തത്. ഒരേ സമയം ഒരു വാഹനത്തിനു മാത്രം കടന്നു പോകാനുള്ള സൗകര്യം മാത്രമേ ഇപ്പോൾ പാതയിൽ തകർന്ന ഭാഗത്തുള്ളൂ.
കൊല്ലിയിൽ മുപ്പതടിയിലേറെ താഴ്ചയിൽ നിന്നുമാണ് ഗ്യാപ്പിയൻ വാൾ സമ്പ്രദായത്തിൽ കരിങ്കൽ ഭിത്തി കെട്ടിപ്പൊക്കി റോഡ് ബലപ്പെടുത്തൽ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നത്. കേവലം അഞ്ചോ ആറോ തൊഴിലാളികൾ മാത്രമാണ് ഇത്രയും ബൃഹത്തായ പ്രവർത്തി നടത്തി വരുന്നത്. അതുകൊണ്ടുതന്നെ എത്രമാസം ഇനിയും വേണ്ടിവരും എന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്. ടൂറിസ്റ്റ് ബസ്സുകൾ അടക്കം നൂറിലേറെ വാഹനങ്ങളാണ് ഇതുവഴി നിത്യവും സർവീസ് നടത്തുന്നത്. കണ്ണൂർ വിമാനത്താവളം പ്രാവർത്തികമായതോടെ ഇതുവഴിയുള്ള ചെറുവാഹനങ്ങളുടെ തിരക്കും ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. കണ്ണൂരിനെ മൈസൂരു, ബംഗളൂരു തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പാതയിൽ ഉണ്ടാകുന്ന ഗതാഗത തടസ്സം നൂറു കണക്കിന് വിദ്യാർത്ഥികൾ അടക്കമുള്ള ജനതയെ യാണ് ബാധിക്കുന്നത് . അതുകൊണ്ടുതന്നെ നവീകരണ പ്രവർത്തിയിലൂടെ 16 കിലോമീറ്ററോളം വരുന്ന ഈ കാനന പാതയെ സുരക്ഷിത പാതയാക്കി മാറ്റാനുള്ള ശ്രമം ഇരു ഗവർമെന്റുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം എന്നാണ് ഈ പാതയെ നിരന്തരം ആശ്രയിക്കുന്ന യാത്രക്കാരും ഡ്രൈവർമാരും മറ്റും ആവശ്യപ്പെടുന്നത്.
0 Comments