കമ്പമലയിലെ മാവോവാദി പ്രകടനം; അസ്വസ്ഥതയോടെ തൊഴിലാളികള്‍


തലപ്പുഴ: മാവോവാദിസംഘം നാട്ടുകാരെ ഞെട്ടിച്ച്‌ പ്രകടനം നടത്തി മടങ്ങിയതോടെ അസ്വസ്ഥതയില്‍ കമ്ബമലക്കാര്‍. ശനിയാഴ്ച ഉച്ചയോടെ ഇവിടെയെത്തിയ മാവോവാദിസംഘം പൗരത്വനിയമഭേദഗതിക്കെതിരേ മുദ്രാവാക്യം മുഴക്കിക്കൊണ്ട് പ്രകടനം നടത്തുകയും പോസ്റ്റര്‍ ഒട്ടിക്കുകയുംചെയ്തിരുന്നു. തൊണ്ണൂറിലധികം ശ്രീലങ്കന്‍ വംശജരായ കുടുംബങ്ങളാണ് കമ്ബമലയില്‍ വര്‍ഷങ്ങളായി താമസിക്കുന്നത്. ഏകദേശം അഞ്ഞൂറിലധികം ആളുകള്‍ ഇവിടെയുണ്ട്. നിലവില്‍ സര്‍ക്കാരിന്റെ എല്ലാവിധ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഭൂരിഭാഗംപേരും തേയിലത്തോട്ടത്തില്‍ പണിയെടുത്താണ് ഉപജീവനം നടത്തുന്നത്.

വനമേഖലയോടുചേര്‍ന്നുള്ള പ്രദേശമായതിനാല്‍ ഇടയ്ക്കിടെ മാവോവാദിസംഘം ഇവിടെയെത്തി മടങ്ങുന്നതായാണ് സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്കുമുമ്ബ് മാവോവാദിസംഘം ഇവിടെയെത്തി പോസ്റ്ററുകള്‍ പതിക്കുകയും വോട്ടുചെയ്യരുതെന്ന് ആഹ്വാനവുംചെയ്തിരുന്നു. മാവോവാദികളുടെ തുടരെയുള്ള ഇടപെടല്‍ ഇവരില്‍ ആശങ്കയും അസ്വസ്ഥതയും സൃഷ്ടിക്കുന്നുണ്ട്. ഇവരുടെ വരവും പോക്കും കാരണം കിട്ടുന്ന ആനുകൂല്യങ്ങളും ഇല്ലാതാകുമോ എന്നതാണ് ഇവരുടെ ആശങ്ക.

മാവോവാദികള്‍ മക്കിമല പ്രദേശത്ത് തുടര്‍ച്ചയായി എത്തുന്ന സംഭവം ജാഗ്രതയോടെയാണ് അധികൃതര്‍ കാണുന്നത്. കമ്ബമലയില്‍ ആയുധധാരികളായ മാവോവാദികള്‍ എത്തിയ സംഭവത്തില്‍ തലപ്പുഴ പോലീസ് യു.എ.പി.എ. പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവിടെയെത്തിയ മാവോവാദിസംഘത്തില്‍ കബനീദളത്തിലെ പ്രവര്‍ത്തകരായ രാമു, കവിത, സാവിത്രി എന്നിവരുള്ളതായായി സൂചനയുണ്ട്. എന്നാല്‍, ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഏതാനും ആഴ്ചകള്‍ക്കുമുമ്ബ് കണ്ണൂരിലെ അമ്ബായത്തോടില്‍ എത്തി മുദ്രാവാക്യം മുഴക്കിയത് ഈസംഘം തന്നെയെന്നാണ് വിവരം. കൊട്ടിയൂര്‍, തിരുനെല്ലി, കുഞ്ഞോം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മക്കിമലയില്‍നിന്ന് എളുപ്പത്തില്‍ പോകാം. പൗരത്വനിയമഭേദഗതി വിഷയമുന്നയിച്ച്‌ ഇതിലൂടെ ഇവരുടെ സ്വാധീനം തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടാക്കുക എന്നതാണ് മാവോവാദിസംഘം ലക്ഷ്യമിടുന്നത്. പൗരത്വരജിസ്റ്ററിനെത്തുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടണമെന്ന ആഹ്വാനവുമായാണ് മാവോവാദികള്‍ പ്രകടനം നടത്തിയത്. തുടര്‍ന്ന് ഇവര്‍ തൊഴിലാളികളുടെ അടുത്തെത്തി പൗരത്വത്തെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്തിരുന്നു. മാവോവാദിസാന്നിധ്യം മുമ്ബ് സ്ഥിരീകരിച്ച കമ്ബമലയും ഇതിനോടുചേര്‍ന്നുള്ള മക്കിമലയും പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലുള്ളപ്രദേശങ്ങളാണ്