മെഡിക്കല്‍ കോളജ്‌ ഡോക്‌ടര്‍മാരുടെ സ്വകാര്യ പ്രാക്‌ടീസ്‌ നിരീക്ഷിക്കാന്‍ മെഡിക്കല്‍ വിജിലന്‍സ്‌ സെല്‍


തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരുടെ സ്വകാര്യ പ്രാക്‌ടീസ്‌ നിരീക്ഷിക്കാന്‍ മെഡിക്കല്‍ വിജിലന്‍സ്‌ സെല്‍ വരുന്നു. ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ സെല്‍ രൂപീകരിക്കണമെന്നാണ്‌ ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ. ശിപാര്‍ശ ആഭ്യന്തരവകുപ്പ്‌ തത്വത്തില്‍ അംഗീകരിച്ചു.
സംസ്‌ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്‌ടര്‍മാരുടെ സ്വകാര്യ പ്രാക്‌ടീസ്‌ സര്‍ക്കാര്‍ നിരോധിച്ചതാണ്‌. എന്നിട്ടും പല ഡോക്‌ടര്‍മാരും സ്വകാര്യ പ്രാക്‌ടീസ്‌ നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നകണ്‌ നടപടി. ശസ്‌ത്രക്രിയക്കും പരിശോധിക്കുമായി ഡോക്‌ടര്‍മാര്‍ രോഗികളില്‍ നിന്നും കൈക്കൂലി വാങ്ങുന്നവെന്ന പരാതികള്‍ ആരോഗ്യവകുപ്പിനും വിജിലന്‍സിലും ലഭിക്കുന്നുണ്ട്‌. ആരോഗ്യവകുപ്പ്‌ ഡയറക്‌ടറേറ്റിന്‌ കീഴില്‍ ആഭ്യന്തര വിജിലന്‍സ്‌ സംവിധാനമുണ്ട്‌. ഒരു മുതിര്‍ന്ന ഡോക്‌ടറുടെ നേതൃത്വത്തിലാണ്‌ ആഭ്യന്തര വിജിലന്‍സ്‌ സംവിധാനം പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍ ഫലപ്രദമാകുന്നില്ലെന്നാണ്‌ ആക്ഷേപം.
എന്നാല്‍ ആരോഗ്യവകുപ്പ്‌ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍മാര്‍ മുതല്‍ താഴേ തട്ടിലെ ജീവനക്കാരെ വരെ നിരീക്ഷിക്കുന്ന സംവിധാനമായതിനാല്‍ തസ്‌തിക എസ്‌.പി. റാങ്കിലേക്ക്‌ ഉയര്‍ത്തമമെന്നാണു വിജിലന്‍സ്‌ ഡയറക്‌ടറേറ്റിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്ന്‌ ആഭ്യന്തരവകുപ്പ്‌ വൃത്തങ്ങള്‍ പറഞ്ഞു. പുതിയ തസ്‌തിത സൃഷ്‌ടിക്കുന്നത്‌ സംബന്ധിച്ചും സെല്ലിന്റെ ഘടനയെ കുറിച്ചും അന്തിമ തീരുമാനമുണ്ടായാല്‍ ഉത്തരവ്‌ ഉടന്‍ പുറത്തിറങ്ങും.