കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ കൊള്ളയടിച്ചു; ലക്ഷ്യമിട്ടത് സ്വര്‍ണക്കവര്‍ച്ച

മലപ്പുറം: കരിപ്പൂരില്‍ വിമാനത്താവളത്തിലിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെ കൊള്ളയടിച്ചു. സ്വര്‍ണക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ചാണ് ദക്ഷിണ കന്നഡ സ്വദേശിയെ കൊള്ളയടിച്ചത്. ഇയാളില്‍നിന്ന് പണവും രേഖകളും സംഘം കവര്‍ന്നു.

പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങിയ അബ്ദുള്‍ നാസര്‍ ഷംസാദാണ് ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. കരിപ്പൂരില്‍നിന്ന് ഷെയര്‍ ടാക്‌സിയില്‍ കോഴിക്കോടേക്ക് വരുമ്ബോഴാണ് ജീപ്പിലും ബൈക്കിലുമെത്തിയ സംഘം ഇവരെ തടഞ്ഞത്. തുടര്‍ന്ന് യാത്രക്കാരുടെ മുഖത്തേക്ക് കുരുമുളക് സ്‌പ്രേ ചെയ്ത് അവശരാക്കി ഷംസാദിനെ മാത്രം ജീപ്പിലേക്ക് കയറ്റി. യാത്രയിലുടനീളം ഷംസാദിനെ മര്‍ദിക്കുകയും സ്വര്‍ണം എവിടെയെന്ന് ആവര്‍ത്തിച്ച്‌ ചോദിക്കുകയും ചെയ്തു. ഇതിനിടെ, ഷംസാദിന്റെ കൈവശമുണ്ടായിരുന്ന പണവും രേഖകളും ക്യാമറയുമെല്ലാം സംഘം കവര്‍ന്നിരുന്നു. പിന്നീട് ആളുമാറിയതാണെന്ന് മനസിലായതോടെ ഇയാളെ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സമീപം ഇറക്കിവിട്ട് സംഘം കടന്നുകളയുകയും ചെയ്തു.

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കൊണ്ടുവരുന്നവരെ കവര്‍ച്ച ചെയ്യുന്നവരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വന്‍ സ്വര്‍ണക്കവര്‍ച്ച ലക്ഷ്യമിട്ടാണ് സംഘം ഷംസാദിനെ തട്ടിക്കൊണ്ടുപോയതെങ്കിലും ആളുമാറിയതിനാല്‍ ഇയാളെ മര്‍ദിച്ചവശനാക്കി പണവും രേഖകളും കവര്‍ന്നശേഷം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.