ശാന്തന്‍പാറ കൊലപാതകം: റിജോഷിനെ കൊന്നത് ജീവനോടെ പെട്രോളൊഴിച്ചു കത്തിച്ച്
രാജാക്കാട്: ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ റിജോഷി (31)നെ കൊലപ്പെടുത്തിയത് ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചെന്ന് ഒന്നാംപ്രതി ഇരിങ്ങാലക്കുട സ്വദേശി വസീമിന്‍റെ (32) വെളിപ്പെടുത്തല്‍. ശാന്തന്‍പാറ കഴുതകുളംമേട്ടിലെ മഷ്റൂംഹട്ട് ഫാംഹൗസിലെ തെളിവെടുപ്പിനിടെയാണ് വസീം ഇക്കാര്യം പോലീസിനോട് പറഞ്ഞത്.
ഔട്ട്ഹൗസില്‍ ഉണ്ടായ പിടിവലിയില്‍ റിജോഷ് തലയിടിച്ചുവീണു. പിന്നീട് മഴവെള്ള സംഭരണി നിര്‍മിക്കാന്‍ കുഴിയെടുത്തിരുന്ന ഭാഗത്ത് വലിച്ചിഴച്ച് കൊണ്ടിട്ടു. തുടര്‍ന്ന് ജീവനോടെ തന്നെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. തീപ്പൊള്ളലേറ്റ റിജോഷ് അലറിക്കരഞ്ഞു. ഇതിനുശേഷം മരണം ഉറപ്പാക്കി മൃതദേഹം മണ്ണിട്ട് മൂടി. താന്‍ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന് വസീം പോലീസിനോട് പറഞ്ഞു.
ശാന്തന്‍പാറ മഷ്റൂം ഹട്ട് ഫാംഹൗസിനോട് ചേര്‍ന്നുള്ള ഔട്ട്ഹൗസ്, റിജോഷിന്റെ മൃതദേഹം കുഴിച്ചു മൂടിയ ഫാമിന്റെ മഴവെള്ള സംഭരണിയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. മൃതദേഹം മറവുചെയ്യാന്‍ ഉപയോഗിച്ച തൂമ്ബയും പോലീസ് കണ്ടെടുത്തു.
കൊലപാതകം നടത്തിയ രീതിയും വസീം പോലീസിനോട് വിശദീകരിച്ചു. കൊലപാതകത്തില്‍ നേരിട്ട് ബന്ധമില്ലാത്തതിനാല്‍ രണ്ടാം പ്രതിയും റിജോഷിന്റെ ഭാര്യയുമായ ലിജി കുര്യനെ (29) തെളിവെടുപ്പിനെത്തിച്ചില്ല.
തിങ്കളാഴ്ച രാവിലെ മുംബൈയില്‍നിന്ന് കേരളത്തിലെത്തിച്ച പ്രതികളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി വസിമിനെയും ലിജിയെയും നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
യാതൊരു കൂസലുമില്ലാതെയാണ് വസിം തെളിവെടുപ്പില്‍ പങ്കെടുത്തത്. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മടികൂടാതെ ഉത്തരങ്ങളും നല്‍കി. മൂന്നാര്‍ ഡിവൈ.എസ്.പി. എം.രമേഷ് കുമാര്‍, ശാന്തന്‍പാറ സി.ഐ. ടി.ആര്‍.പ്രദീപ് കുമാര്‍, രാജാക്കാട് സി.ഐ. എച്ച്.എല്‍.ഹണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
കഴിഞ്ഞ ഒക്ടോബര്‍ 31-നാണ് റിജോഷിന്റെ പാതികത്തിയ മൃതദേഹം ഫാംഹൗസിന് സമീപത്തുനിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മുംബൈയ്ക്കു കടന്ന ഇരുവരും അവിടെ ലിജിയുടെയും റിജോഷിന്റെയും മകളായ ജൊവാനയെ വിഷം നല്‍കി കൊലപ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മുംബൈ പനവേല്‍ സ്റ്റേഷനിലും ഇവര്‍ക്കെതിരേ കേസുണ്ട്.
0 Comments