അതിവേഗ റെയില്‍പ്പാത തിരുവനന്തപുരം - നെടുമ്പാശ്ശേരി വിമാനത്താവളങ്ങളെ ബന്ധിപ്പിക്കും

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് നിര്‍ദിഷ്ട അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ തിരുവനന്തപുരം-നെടുമ്ബാശ്ശേരി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാകും കടന്നുപോവുക. മിക്ക പ്രധാന പട്ടണങ്ങളിലൂടെയുംപോകുന്ന പാത കേരളത്തിലെ ഐ.ടി. പാര്‍ക്കുകള്‍ക്കും ഗുണമാവും.

കേരളത്തിലെ ഏതു റെയില്‍വേ സ്റ്റേഷനില്‍നിന്നും രണ്ടുമണിക്കൂറില്‍ത്താഴെ സമയത്തിനുള്ളില്‍ വിമാനത്താവളങ്ങളിലെത്താനാകും. ഇത് പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് കെ-റെയില്‍ മാനേജിങ് ഡയറക്ടര്‍ വി. അജിത്കുമാര്‍ പറഞ്ഞു. നിയമസഭാംഗങ്ങള്‍ക്കായി നടത്തിയ പ്രത്യേക അവതരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ ആകാശസര്‍വേ പൂര്‍ത്തിയായി. വിശദ പദ്ധതിറിപ്പോര്‍ട്ടും അലൈന്‍മെന്റും അടുത്ത മാസത്തോടെ തയ്യാറാകും. 11 ജില്ലകളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് 532 കിലോമീറ്റര്‍ നീളമുണ്ടാകും. തിരുവനന്തപുരത്തുനിന്ന് നാലുമണിക്കൂര്‍കൊണ്ട് കാസര്‍കോട്ടെത്തും.

നേട്ടങ്ങള്‍

* ദിവസവും റോഡുപയോഗിക്കുന്ന 46,100 പേരും തീവണ്ടികളില്‍ സഞ്ചരിക്കുന്ന 11,500 പേരും സില്‍വര്‍ലൈനിലേക്കു മാറിയേക്കും.

* ഇപ്പോഴത്തെ വിലനിലവാരമനുസരിച്ചുതന്നെ 530 കോടിരൂപയുടെ പെട്രോളും ഡീസലും ലാഭിക്കാനാകും.

* ചരക്ക്-ഗതാഗത സംവിധാനമായ റോറോ (റോള്‍ഓണ്‍, റോള്‍ഓഫ്) സര്‍വീസുള്ളതിനാല്‍ അഞ്ഞൂറോളം ചരക്കുവാഹനങ്ങള്‍ റോഡില്‍നിന്ന്‌ പിന്‍മാറും. ഇതുമൂലം ഗതാഗതത്തിരക്കും റോഡപകടങ്ങളും കുറയും.

* ഭാവിയില്‍ ഈ പാതയിലൂടെ പ്രത്യേക ടൂറിസ്റ്റ് സര്‍വീസുകള്‍ നടത്താനാകും.

* പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരുന്നത് 1226.45 ഹെക്ടര്‍. നാലുവരിപ്പാത നിര്‍മിക്കുന്നതിന് എടുക്കേണ്ടിവരുന്ന ഭൂമിയുടെ പകുതിമാത്രം.

ഹരിത ഇടനാഴി

രണ്ടു പുതിയ റെയില്‍വേലൈനുകള്‍ ചേര്‍ത്ത് ഹരിത ഇടനാഴിയായാണ് പാത നിര്‍മിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ തീവണ്ടികള്‍ക്ക് സഞ്ചരിക്കാനാകും. കാസര്‍കോട്മുതല്‍ തിരൂര്‍വരെയുള്ള 222 കിലോമീറ്റര്‍ നിലവിലെ റെയില്‍പ്പാതയ്ക്കു സമാന്തരമാകും.

തിരൂര്‍മുതല്‍ തിരുവനന്തപുരംവരെയുള്ള 310 കിലോമീറ്റര്‍ നിലവിലെ പാതയില്‍നിന്ന് അകലെയാണ്. സാങ്കേതിക സവിശേഷതകളും നിലവിലെ റെയില്‍പ്പാതയിലെ കൊടുംവളവുകളും കാരണം പുതിയ സ്ഥലങ്ങളിലൂടെയാണ് പാത കടന്നുപോകുക.

പാരീസിലെ സിസ്ട്ര, ജിസിയാണ് കെ-റെയിലിനുവേണ്ടി സാധ്യതാറിപ്പോര്‍ട്ട് തയ്യാറാക്കിയത്. അഞ്ചുവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍വേണ്ടത് 66,079 കോടിരൂപയാണ്. പദ്ധതിച്ചെലവിന്റെ ഗണ്യമായ ഭാഗം അന്താരാഷ്ട്ര സഹായധന സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പയിലൂടെയാണു കണ്ടെത്തുക.