പച്ചില മുതല്‍ ഉപ്പുവെള്ളം വരെ; കൊറോണ ചികിത്സക്ക് മരുന്നെന്ന് വ്യാജ പ്രചാരണങ്ങള്‍ പെരുകുന്നു

വുഹാന്‍: കൊറോണാവൈറസ് പടര്‍ന്നുപിടിച്ചതിന്റെ അതേ വേഗത്തില്‍ തന്നെയാണ് ആ മാരകമായ പകര്‍ച്ച വ്യാധിയെക്കുറിച്ചുള്ള അസത്യപ്രചാരണങ്ങള്‍ക്കും കാറ്റുപിടിച്ചത്. ജനിതകഘടന കണ്ടെത്താന്‍ വേണ്ടി അന്താരാഷ്ട്ര വൈറോളജി ലാബുകളില്‍ ശാസ്ത്രജ്ഞര്‍ മത്സരബുദ്ധിയോടെ രാപ്പകല്‍ പാടുപെട്ടുകൊണ്ടിരിക്കെ, വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം പോലും മൂന്നുമാസം അകലെയാണ് എന്നിരിക്കെ, ഈ അസുഖത്തിന് ഇനി ഇറങ്ങാന്‍ ഒറ്റമൂലികള്‍ ഒന്നും ബാക്കിയില്ല. സാമൂഹ്യമാധ്യമങ്ങള്‍ നേരിടുന്ന ഒരു പ്രതിസന്ധി ശരിയാണോ എന്ന് പരിശോധിക്കുക പോലും ചെയ്യാതെ ഇത്തരത്തില്‍ പ്രചരിക്കുന്ന അസത്യങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യപ്പെടുന്നതുകൊണ്ടുണ്ടാകുന്ന അനാവശ്യമായ ട്രാഫിക് കുരുക്കാണ്. വ്യാജമരുന്നുകളെപ്പറ്റിയുള്ള അത്തരം അവകാശവാദങ്ങളില്‍ ചിലതാണ്, ഇത്തവണ ഫാക്‌ട് ചെക്കില്‍.

വെള്ളുള്ളി തിളപ്പിച്ച വെള്ളം

ഫേസ്‌ബുക്ക്, ട്വിറ്റര്‍, യുട്യൂബ് എന്നിവയില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ട ഒരു അവകാശവാദമാണ് അസുഖബാധിതര്‍ വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ അസുഖം ഭേദപ്പെടും എന്നത്. അവകാശവാദത്തില്‍ വസ്തുത മരുന്നിനുപോലുമില്ലെന്ന് പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ.

ആന്റിബയോട്ടിക് ഐ ഡ്രോപ്പ്

ഒരു പച്ചിലച്ചെടിയുടെ കൊഴുപ്പില്‍ നിന്നുണ്ടാക്കുന്ന തുള്ളിമരുന്ന് കണ്ണിലൊഴിച്ചാല്‍ ആ നിമിഷം കൊറോണാവൈറസ് നശിച്ചുപോകും എന്ന തരത്തിലുള്ള പ്രചാരണം ഫിലിപ്പീന്‍സിലാണ് ശക്തമായത്. ആ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ട് ലൈക്ക് ചെയ്തതും, പങ്കുവെച്ചതും. റ്റിനോസ്പോറ ക്രിസ്‌പാ എന്ന ചെടിയുടെ നീര് കൊറോണാ വൈറസിനെ പ്രതിരോധിക്കാനുള്ള അത്ഭുതസിദ്ധിയുള്ളതാണ് എന്നായിരുന്നു പ്രചാരണം. ഫേസ്‌ബുക്കില്‍ മാത്രം ഈ വീഡിയോ കണ്ടത് പതിനഞ്ചു ലക്ഷം പേരാണ്. ഇതും തികച്ചും വ്യാജമായ ഒരു വാര്‍ത്തയാണ്.

സിംഗിള്‍ യൂസ് മാസ്കുകള്‍ ആവികേറ്റി വീണ്ടും ഉപയോഗിക്കാം

ഇതും വളരെ അപകടകരമായ ഒരു പ്രചാരണമായിരുന്നു. മാസ്കുകളുടെ ക്ഷാമം നേരിട്ടപ്പോള്‍, ചൈനയില്‍ നിന്നുതന്നെയാണ് ഒരു ഡോക്ടറുടെ എന്നപേരില്‍ ഈ വീഡിയോ വന്നത്. സിംഗിള്‍ യൂസ് മാസ്കുകള്‍ ആവി കയറ്റിയ ശേഷം വീണ്ടും ഉപയോഗിക്കാം എന്നായിരുന്നു അയാളുടെ അവകാശവാദം. എന്നാല്‍ കൊറോണ ഇങ്ങനെ പകരുന്ന സമയത്ത് ഒരു കാരണവശാലും സിംഗിള്‍ യൂസ് മാസ്കുകള്‍ രണ്ടാമതും എടുത്തുപയോഗിക്കരുത് എന്നുതന്നെയാണ് വിദഗ്ധ ഡോക്ടര്‍മാരുടെ ഉപദേശം.

കൊറോണയ്ക്കുള്ള പച്ചിലമരുന്നുകള്‍

ശ്രീലങ്കയില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെയാണ് കായം എന്ന സുഗന്ധവ്യഞ്ജനത്തിന് കൊറോണയെ അകറ്റാനുള്ള ശക്തിയുണ്ട് എന്നമട്ടിലുള്ള പ്രചാരണങ്ങള്‍ വന്നത്. ഇത് രോഗം പകരുന്നതും തടഞ്ഞേക്കും എന്നതരത്തിലുള്ള പ്രചാരണമുണ്ടായിരുന്നു. ഇതൊക്കെ നിഷേധിച്ചുകൊണ്ട് ശ്രീലങ്കന്‍ ആരോഗ്യവകുപ്പ് രംഗത്തുവന്നിരുന്നു.

ഉപ്പുവെള്ളം കൊണ്ട് കുലുക്കുഴിഞ്ഞാല്‍ മതി

ചൈനയില്‍ നിന്നുള്ള ഏതോ ആരോഗ്യ വിദഗ്ദ്ധന്‍ എന്നപേരില്‍ വന്ന പോസ്റ്റില്‍ പറഞ്ഞത് ഉപ്പുവെള്ളം കൊണ്ട് വായ കഴുകുകയും കുലുക്കുഴിയുകയും ചെയ്‌താല്‍ കൊറോണാ വൈറസ് ചത്തുപോകും എന്നായിരുന്നു. ഇതും നിരവധി പേര്‍ പങ്കിട്ട ഒരു വ്യാജവാര്‍ത്തയായിരുന്നു. ഇതും തീര്‍ത്തും വസ്തുതാവിരുദ്ധമായ ഒരു അവകാശവാദമാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയുടെ ഫാക്‌ട് ചെക്ക് വിഭാഗം കണ്ടെത്തി.