ഐശ്വര്യം ലഭിക്കാന്‍ കെട്ടിയ ചരട് കഴുത്തില്‍ മുറുകി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ലക്നൗ: ഐശ്വര്യം വരാന്‍ കഴുത്തില്‍ കെട്ടിയ ചരട് ഒരു വയസ്സുകാരനായ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്തു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. ഐശ്വര്യം ഉണ്ടാകാനായി കുഞ്ഞിന്റെ കഴുത്തില്‍ കറുത്ത ചരട് കെട്ടിയിരുന്നു. കുട്ടികളെ തള്ളിക്കൊണ്ട് നടക്കുന്ന ചെറിയ പ്രാമിനുള്ളിലായിരുന്നു കുഞ്ഞ്. ഇതിനുള്ളില്‍ നിന്ന് എങ്ങനെയോ താഴെ വീണ സമയത്ത് കുഞ്ഞിന്റെ കഴുത്തിലെ ചരട് വണ്ടി‌യില്‍ കുരുങ്ങി മുറുകിയാണ് അപകടം സംഭവിച്ചത്. സംഭവം നടക്കുമ്ബോള്‍ കുഞ്ഞിന്റെ സമീപം മാതാപിതാക്കള്‍ ഉണ്ടായിരുന്നില്ല.

കുഞ്ഞിനെ വീടിനുള്ളില്‍ ഇരുത്തിയതിന് ശേഷം ഇവര്‍ ടെറസിലേക്ക് പോയിരിക്കുകയായിരുന്നു. ഇവര്‍ തിരികെ എത്തിയപ്പോള്‍ കുഞ്ഞ് വണ്ടിക്കുള്ളില്‍ ചലനമറ്റ് കിടക്കുന്നതാണ് കണ്ടത്. ചരട് കഴുത്തില്‍ മുറുകിയ നിലയില്‍ കണ്ടെത്തി. ഉടനടി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കണ്ണുതട്ടാതിരിക്കാന്‍ കുഞ്ഞുങ്ങളുടെ കാലിലും കഴുത്തിലും ജപിച്ച ചരടുകള്‍ കെട്ടുക എന്നത് ഉത്തര്‍പ്രദേശിലെ ആചാരങ്ങളുടെ ഭാ​ഗമാണ്. മിക്കയിടങ്ങളിലും ഇവ കാണാം. തൊഴിലാളിയാണ് കുഞ്ഞിന്റെ പിതാവ്. എങ്ങനെയാണ് വണ്ടിക്കുള്ളില്‍ ഉറങ്ങിക്കിടന്ന കു‍ഞ്ഞ് വീണതെന്ന് മനസിലാകുന്നില്ലെന്ന് പിതാവ് വ്യക്തമാക്കി. സമാനമായ സംഭവം കഴിഞ്ഞ വര്‍ഷവും ഷംലിയില്‍ നടന്നിരുന്നു.