5ജി അന്തിമഘട്ടത്തിലേക്ക്; ബി.എസ്.എന്‍.എല്‍. ലേലത്തിനുണ്ടാവില്ല

ന്യൂഡല്‍ഹി: ടെലികോം കമ്ബനികള്‍ക്ക് അഞ്ചാംതലമുറ സ്പെക്‌ട്രം അനുവദിക്കുന്നതിനുള്ള ട്രായിയുടെ നിര്‍ദേശങ്ങള്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴിലുള്ള ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ കമ്മിഷന്‍ അംഗീകരിച്ചു. 5ജി സാങ്കേതികക്ഷമതാ പരിശോധന തുടങ്ങുന്നതിന് വിവിധ കമ്ബനികളുടെ അപേക്ഷയും മന്ത്രാലയം സ്വീകരിച്ചു. അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളായ ബി.എസ്.എന്‍.എലിനും എം.ടി.എന്‍.എലിനും ആദ്യഘട്ടത്തില്‍ 5ജി സ്പെക്‌ട്രം അനുവദിച്ചേക്കില്ല.

ലേലത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ബി.എസ്.എന്‍.എലും എം.ടി.എന്‍.എലും പങ്കെടുക്കുന്നത് സുതാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സോളിസിറ്റര്‍ ജനറലിനു മന്ത്രാലയം കത്തയച്ചിട്ടുണ്ട്. വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് വിവിധ രാജ്യസഭാംഗങ്ങള്‍ക്കു വ്യാഴാഴ്ച എഴുതിനല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്. പൊതുമേഖലാ കമ്ബനികള്‍ ലേലത്തില്‍ പങ്കെടുക്കുന്നത് ടെലികോം രംഗത്ത് അനാവശ്യമായ ആശങ്കകളും വിവിധ താത്പര്യങ്ങളുടെ സംഘര്‍ഷവും സൃഷ്ടിക്കുമെന്നാണ് കത്തില്‍ മന്ത്രാലയം അഭിപ്രായപ്പെട്ടത്.

മറ്റു ടെലികോം കമ്ബനികള്‍ക്ക് ലേലത്തില്‍ പങ്കെടുക്കുമ്ബോള്‍ ലാഭമുണ്ടാകുമെന്നുറപ്പുള്ള സര്‍ക്കിളുകള്‍മാത്രം ഏറ്റെടുക്കാനാവും. ലേലത്തിനു പുറത്താവുമ്ബോള്‍ ഇന്ത്യയില്‍ മൊത്തമാണ് ബി.എസ്.എന്‍.എലിനു കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് നല്‍കുക. ഇതുകാരണം തുടര്‍ന്നും നഷ്ടമുണ്ടാകുന്ന മേഖലകളിലും ബി.എസ്.എന്‍.എല്‍. അടിസ്ഥാന സൗകര്യമൊരുക്കി പ്രവര്‍ത്തിക്കേണ്ടിവരും. 5ജി വന്നാലും എല്ലാ കമ്ബനികളും സര്‍വീസ് തുടങ്ങിക്കഴിഞ്ഞശേഷം ഇന്ത്യയിലെല്ലായിടത്തും ബി.എസ്.എന്‍.എല്‍. സര്‍വീസ് തുടങ്ങേണ്ടിവന്നാല്‍ പഴയ അവസ്ഥതന്നെ ഉണ്ടാവുമെന്ന് ഒരു ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു.