ഇരിട്ടി പുതിയപാലം നിർമ്മാണം രണ്ടാം സ്‌പാനിന്റെ വാർപ്പും പൂർത്തിയായി
ഇരിട്ടി: നിർമ്മാണം പുരോഗമിക്കുന്ന ഇരിട്ടി പാലത്തിന്റെ 2 -ാം സ്പാനിന്റെ 2 -ാം ഘട്ട വാർപ്പ് ശനിയാഴ്ച നടന്നു. ഇരിട്ടി ഭാഗത്തെ ആദ്യത്തെ സ്‌പാനിന്റെ നിർമ്മാണ പ്രവർത്തി രണ്ട് മാസം മുൻപ് പൂർണമായിരുന്നു. ഇപ്പോൾ പായം ഭാഗത്തെ രണ്ടാമത്തെ സ്പാനിന്റെ ഉപരിതല വാർപ്പ് പൂർത്തിയായി. ഒരു സ്പാനിന്റെ നീളം 48 മീറ്റർ ആണ്. ഇതോടെ പുഴയുടെ ഇരു കരയിലുമായി 48 മീറ്റർവീതമുള്ള വാർപ്പ് പൂർത്തിയായി. 144 മീറ്റർ നീളം വരുന്ന പുതിയ പാലത്തിന്റെ ഇനി മധ്യഭാഗത്തുള്ള 48 മീറ്റർ ആണ് പൂർത്തിയാവാനുള്ളത്.
2 ഘട്ടങ്ങളിലായാണ് ഒരു സ്പാനിന്റെ വാർപ്പ് പൂർത്തീകരിച്ചത്. ആദ്യം ഉൾവശവും തുടർന്ന് മേൽത്തട്ടിലെ 12 മീറ്റർ ഉപരിതലവും. ഇതിൽ 1 -ാം ഘട്ടം രണ്ട് ആഴ്ച മുൻപ് നടത്തിയിരുന്നു. 180 എം ക്യൂബ് വാർപ്പാണ് കഴിഞ്ഞത്. കെഎസ്ടിപി അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ ഷീല ചോറൻ, അസി.എൻജിനിയർ കെ.വി.സതീശൻ, കൺസൽട്ടൻസി കമ്പിനി റസിഡന്റ് എൻജിനിയർ പി.എൻ. ശശികുമാർ, ബ്രിഡ്ജസ് എൻജിനിയർ കെ.കെ. രാജേഷ്, ഇകെകെ കമ്പിനി പ്രൊജക്ട് മാനേജർ സി.സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ഏപ്രിൽ മാസത്തോടെ പാലത്തിന്റെ മദ്ധ്യഭാഗത്തെ സ്പാൻ വാർക്കാനാണ് കെഎസ്ടിപി ലക്ഷ്യമിടുന്നത്. തലശ്ശേരി - വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഇരിട്ടിപ്പുഴയിൽ പുതിയ പാലം പണിയുന്നത്. നാലു തൂണുകളിലായുള്ള ഇരിട്ടി പുതിയ പാലത്തിന് 144 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണുള്ളത്.
0 Comments