അമ്മയ്ക്കൊപ്പം നടന്നുപോയ രണ്ടാം ക്ലാസുകാരന്റെ മുഖം പേപ്പട്ടി കടിച്ചു കീറി; നാട്ടുകാര് പട്ടിയെ തല്ലിക്കൊന്നു
കട്ടപ്പന; അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് പോവുകയായിരുന്ന രണ്ടാ ക്ലാസുകാരനെ പേപ്പട്ടി കടിച്ചു. കൊച്ചുതോവാള പനയ്ക്കച്ചിറ ടിംസന്റെ മകന് മെബിനാണ് (ഏഴ്) പട്ടിയുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റത്. കണ്ണിലും മുഖത്തും കൈക്കും കടിയേറ്റ കുഞ്ഞ് ഇപ്പോള് അങ്കമാലിയിലെ ആശുപത്രിയില് ചികിത്സയിലാണ്.
ഇടുക്കി കട്ടപ്പനയിലാണ് സംഭവമുണ്ടായത്. റോഡിലൂടെ നടക്കുകയായിരുന്ന മെബിന്റെ അടുത്തേക്ക് ഓടിയെത്തിയ പട്ടി ശരീരത്തിലേക്ക് ചാടിക്കയറ്റി. നിലത്തുവീണ കുട്ടിയുടെ മുകളില് കയറി കടിച്ചു. അമ്മയുടെയും കുട്ടിയുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാര് പട്ടിയെ ഓടിച്ചശേഷം, രക്തത്തില് കുളിച്ചുകിടന്ന മെബിനെ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷയ്ക്കുശേഷം കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വെള്ളയാംകുടി നിര്മല് ജ്യോതി സ്കൂളിലെ വിദ്യാര്ഥിയാണ് മെബിന്.
പ്രദേശത്ത് ദിവസങ്ങളായി ഭീതി പടര്ത്തുന്ന പേപ്പട്ടി, വളര്ത്തുമൃഗങ്ങളെയും നാട്ടുകാരെയും കടിച്ചിരുന്നു. മൂന്ന് ദിവസത്തിനിടെ ആറുപേര്ക്ക് കടിയേറ്റു. മെബിനെ കടിച്ചശേഷം മറ്റ് രണ്ടുപേരെക്കൂടി ഇത് കടിച്ചു. ഇതോടെ നാട്ടുകാര് ചേര്ന്ന് പട്ടിയെ തല്ലിക്കൊന്നു.
0 Comments