വീണ്ടും കൊറോണ? കാസര്‍കോട് വൈറസ് ബാധ സംശയത്തില്‍ ഒരാള്‍ കൂടി ആശുപത്രിയില്‍

കാസര്‍കോട്: കാസര്‍കോട് കൊറോണ വൈറസ് ബാധ സംശയത്തില്‍ ഒരാള്‍ കൂടി ആശുപത്രിയില്‍. കൊറോണക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ജില്ലയില്‍ നിന്നും ഇതുവരെ 22 പേരുടെ സ്രവം ആണ് പരിശോധനക്കയച്ചത്.

ഇതില്‍ പതിനെട്ട് പേരുടെ ഫലം നെഗറ്റീവാണ്. നേരത്തെ ചികിത്സയിലുള്ള ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ഇന്ന് റവന്യുമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരും. വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് രൂപീകരിച്ച 15 ടീം അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, കൊറോണ രോഗം പടര്‍ന്നുപിടിച്ച ചൈനയില്‍ നിന്ന് തിരിച്ചു വരാനുള്ള ഇന്ത്യക്കാരുടെ കണക്കുകള്‍ പുറത്തു വിട്ടു. വുഹാനില്‍ നിന്ന് ഇനിയും 80 ഇന്ത്യക്കാര്‍ തിരിച്ചെത്താന്‍ ബാക്കിയുണ്ടെന്നും ഇവരില്‍ 10 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ചൈനയില്‍ നിന്നെത്തിയ 150-ഓളം പേരില്‍ രോഗലക്ഷണം കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യസഭയില്‍ നടത്തിയ വിശദീകരണത്തില്‍ ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനും വിദേശ കാര്യ മന്ത്രി എസ്. ജയ്‌ശങ്കറുമാണ് വെള്ളിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.

ചൈന വഴി ഇന്ത്യയിലേക്കു വരുന്ന എല്ലാ വിദേശീയരുടെയും വിസകള്‍ ഇന്ത്യ റദ്ദാക്കിയതായി മന്ത്രി ജയ്‌ശങ്കര്‍ പറഞ്ഞു. രാജ്യത്ത് ഇതുവരെ മൂന്നുപേര്‍ക്കു മാത്രമേ കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂവെന്നും, കേരളീയരായ മൂവരുടെയും നിലയില്‍ മാറ്റമില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു.