കൈപ്പാട് കൃഷി: പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉന്നതതല കമ്മിറ്റി
പഴയങ്ങാടി: കൈപ്പാട് കൃഷിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉന്നതതല കമ്മിറ്റി രൂപവത്കരിക്കാന്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ തീരുമാനം. ഇതുസംബന്ധിച്ച് കൈപ്പാട് ഏരിയാ ഡെവലപ്പ്മെന്‍റ് സൊസൈറ്റിയുമായി (കാഡ്‌സ്) കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ ചര്‍ച്ചനടത്തി. പ്രദേശത്ത് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം കെ.എല്‍.ഡി.സി.യെ ഏല്‍പ്പിച്ചു. കാട്ടാമ്ബള്ളി കൈപ്പാട് ഉള്‍പ്പെടെയുള്ള വികസനത്തിനായുള്ള 15 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കും.
കൈപ്പാട് പ്രദേശം തരിശായിട്ടതിനെത്തുടര്‍ന്നുള്ള കണ്ടലിനെ നീക്കി നിലമൊരുക്കുമ്ബോള്‍ കര്‍ഷകരെ ദ്രോഹിക്കുന്ന നടപടി വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ഇത് വിലയിരുത്താനും തര്‍ക്കങ്ങള്‍ പരിഹരിക്കാനും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ ടി.വി.രാജേഷ് എം.എല്‍.എ., ജയിംസ് മാത്യു എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഫിഷറീസ്, പ്രോജക്‌ട് എന്‍ജിനീയര്‍ കെ.എല്‍.ഡി.സി., ജില്ലാ കൃഷി ഓഫീസര്‍, തുടങ്ങിയവരുള്‍പ്പെടുന്ന കമ്മിറ്റി ഉണ്ടാക്കും.
നബാര്‍ഡിന്‍റെ സഹായധനത്തോടെ കണ്ണപുരം, ചെറുകുന്ന്, ഏഴോം, പട്ടുവം എന്നീ പഞ്ചായത്തുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബണ്ട് നിര്‍മാണം മേയില്‍ പൂര്‍ത്തിയാക്കണം. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറുകുന്ന് പഞ്ചായത്തില്‍ നിര്‍മിക്കുന്ന റിസര്‍ച്ച് ഡെവലപ്പ്മെന്‍റ് സെന്‍ററിനും റൈസ് മില്ലിനും മൂന്നുകോടി രൂപ അനുവദിക്കും. സി.ആര്‍.സെഡ്. പദ്ധതിയില്‍പ്പെട്ടതല്ല കൈപ്പാട് നെല്‍ക്കൃഷിഭൂമി. അതിനാല്‍, കൈപ്പാടിലേക്ക് അതിക്രമിച്ചുവന്ന കണ്ടലുകളെ കര്‍ഷകര്‍ക്ക് പുനഃക്രമീകരിക്കാം.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എ.മാരായ ടി.വി.രാജേഷ്, ജയിംസ് മാത്യു, അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ വാസുകി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി.രാമകൃഷ്ണന്‍, പി.കെ.ഹസ്സന്‍കുഞ്ഞി, ആനക്കീല്‍ ചന്ദ്രന്‍, അഡാക് എക്സിക്യുട്ടീവ് ഡയറക്ടര്‍ ദിനേശന്‍ ചെറുവാട്ടില്‍, കൈപ്പാട് ഏരിയാ ഡെവലപ്പ്മെന്‍റ് സൊസൈറ്റി പ്രസിഡന്റ് കെ.വി.നാരായണന്‍, സെക്രട്ടറി എം.സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments