പകല്‍വെയിലിന്‌ തീച്ചൂട്‌: എങ്ങും തീപിടിത്തം

കണ്ണൂര്‍: ചൂട്‌ കനത്താല്‍ അഗ്നിശമനസേനയ്‌ക്ക് നെട്ടോട്ടം ഒരു മാസത്തിനുള്ളില്‍ ജില്ലയിലെ വിവിധ അഗ്നിശമന സേനയുടെ നമ്ബറിലേക്ക്‌ വിളി വന്നത്‌ 118 തീപിടുത്ത സംഭവങ്ങള്‍. തീ അണച്ചും ആളുകളെ രക്ഷിച്ചും സേന ദൗത്യം പൂര്‍ത്തിയാക്കുകയാണ്‌. ജനുവരി മുതല്‍ മെയ്‌ വരെയുള്ള മാസങ്ങളില്‍ ചൂട്‌ വര്‍ധിക്കുന്നതിനനുസരിച്ച്‌ ഇനിയും അപകട സാധ്യതകള്‍ വര്‍ധിക്കുമെന്ന ആശങ്കയിലാണ്‌ ഉദ്യോഗസ്‌ഥര്‍.
1015 കിലോ മീറ്റര്‍ വരെയുള്ള കണ്ണൂര്‍ അഗ്നിശമനസേനയുടെ സേ്‌റ്റഷന്‍ പരിധിയില്‍ കഴിഞ്ഞ ജനുവരിയില്‍ 61 വിളികള്‍ വന്നതില്‍ 27 ഇടങ്ങളും മൈതാനങ്ങളില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്നാണ്‌. ജനുവരിയില്‍ മാത്രമായി തളിപ്പറമ്ബ്‌ സേ്‌റ്റഷന്‍ പരിധിയിലുണ്ടായത്‌ 30-ലധികം തീപിടുത്ത സംഭവങ്ങള്‍. മട്ടന്നൂരില്‍ 12, പയ്യന്നൂരില്‍ 16, കൂത്തുപറമ്ബില്‍ ആറും തലശ്ശേരിയില്‍ 27 തീപിടുത്തമാണുണ്ടായത്‌. ചൂടു വര്‍ധിക്കുന്നതോടെ വരണ്ട പ്രദേശങ്ങളിലും മാലിന്യം കൂട്ടിയിട്ട സ്‌ഥലങ്ങളിലുമാണ്‌ അഗ്നിബാധ കൂടുതലുണ്ടാകുന്നത്‌.
ഉണങ്ങിയ പുല്ലുകള്‍ക്ക്‌ പെട്ടെന്ന്‌ തന്നെ തീപിടുത്തമുണ്ടാകുകയും അതു പടര്‍ന്ന്‌ പിടിക്കുന്ന അവസ്‌ഥയിലുമാണ്‌ ഇപ്പോള്‍. ചാല, കോയേ്ോട്‌, പാടിക്കുന്ന്‌, തളിപ്പറമ്ബ്‌ എളംബേരം, നാടുകാണി, കാരക്കുണ്ട്‌, മട്ടന്നൂര്‍ ചാവശ്ശേരി, മത്തിപ്പാറ, പഴയങ്ങാടി, മാടായിപ്പാറ, തലശ്ശേരി പെട്ടിപ്പാലം എന്നീ പ്രദേശങ്ങളിലാണ്‌ എല്ലാ വര്‍ഷങ്ങളിലും സ്‌ഥിരമായി തീപിടുത്തമുണ്ടാകുന്നത്‌. അഗ്നിശമനസേന ഏറെ ബുദ്ധിമുട്ടുന്നത്‌ ഉള്‍ പ്രദേശങ്ങളിലെ കൃഷി സ്‌ഥലങ്ങളിലും മറ്റും തീയണയ്‌ക്കാനാണ്‌.
അതോടൊപ്പം 24 മണിക്കൂര്‍ ഡ്യൂട്ടിയുള്ള സേനയില്‍ പലപ്പോഴും ആവശ്യത്തിനു ആളില്ലെന്ന പ്രശ്‌നവും ഏറെ ബാധിക്കുന്നുണ്ട്‌. തളിപ്പറമ്ബില്‍ 36 പേര്‍ വേണ്ട സ്‌ഥാനത്ത്‌ 29 പേരാണുള്ളത്‌. മട്ടന്നൂരിലും തലശ്ശേരിയിലും ഓരോ ഒഴിവാണുള്ളത്‌. ബോധവല്‍ക്കരണ പരിപാടികളും പരിശീലനവും ആഴ്‌ചയിലെ ഒഴിവ്‌ എന്നിങ്ങനെ ചില ഉദ്യോഗസ്‌ഥര്‍ സ്‌റ്റേഷനില്‍ ഇല്ലാതായാല്‍ നിലവിലെ അംഗബലം കുറയും. ഇതോടെ സ്‌റ്റേഷനില്‍ ബാക്കിയുള്ള ചുരുക്കം ഉദ്യോഗസ്‌ഥര്‍ തീയണയ്‌ക്കാനുള്ള നെട്ടോട്ടത്തിലായിരിക്കും. പാറയും മൈതാനങ്ങളുമുള്ള പ്രദേശങ്ങളിലെ പരിസരവാസികള്‍ എപ്പോഴും കരുതലോടെ ഇരിക്കണം.
ഒഴിഞ്ഞ പ്രദേശങ്ങളിലും മൈതാനങ്ങളിലും തീ പടരുമ്ബോള്‍ പ്രദേശവാസികള്‍ തീയണയ്‌ക്കാന്‍ മുന്‍കൈയ്‌ എടുക്കാത്തതാണ്‌ കൂടുതലും അപകടമുണ്ടാക്കുന്നതെന്നാണ്‌ സേനാംഗങ്ങള്‍ പറയുന്നത്‌. തീയണയ്‌ക്കാന്‍ സേനാംഗങ്ങളെ കാത്തുനില്‍ക്കാതെ ലഭ്യമാകുന്ന വെള്ളം ഉപയോഗിച്ചും വടി കൊണ്ട്‌ അടിച്ചും തീയണയ്‌ക്കാന്‍ ശ്രമിക്കണമെന്നാണ്‌ ഇവര്‍ പറയുന്നത്‌. ജില്ലയിലെ മിക്ക ഒഴിഞ്ഞ പ്രദേശങ്ങളിലെയും തീപിടുത്തതിനു കാരണം സാമൂഹ്യദ്രോഹികളും മദ്യപ സംഘവും തീയിടുന്നതാണെന്നാണു സേനാംഗങ്ങള്‍ പറയുന്നത്‌.
ഏക്കര്‍ കണക്കിനു പ്രദേശം ഇത്തരത്തില്‍ തീപടരുന്നതിനാല്‍ വലിയ ബുദ്ധിമുട്ടാണ്‌ ഉണ്ടാകുന്നത്‌. സമീപ പ്രദേശങ്ങളിലെ കടകളിലും കെ.എസ്‌.ഇ.ബി ട്രാന്‍സ്‌ഫോര്‍മറിലും ഇതേതുടര്‍ന്നു തീ പടര്‍ന്ന നിരവധി സംഭവമുണ്ടായിട്ടുണ്ട്‌. ചൂടേറിയ കാലാവസ്‌ഥയില്‍ ഉണങ്ങിയ പുല്ലുകളുള്ള ഒഴിഞ്ഞ മൈതാനങ്ങളില്‍ പെട്ടെന്നു തീ പടരാന്‍ സാധ്യതയുള്ള മാസങ്ങളാണ്‌ ജനുവരി മുതല്‍ മെയ്‌ വരെ.