ഇരിട്ടി: അഴിമതി മുക്തമാക്കുകയാണ് ആധുനീക വത്ക്കരണത്തിലൂടെ രജിസ്‌ട്രേഷന്‍ വകുപ്പില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉളിയില്‍ സബ്രജിസ്ട്രാര്‍ ഓഫീസിന് വേണ്ടി ഇരിട്ടിയില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം വീഡിയോ കോണ്‍ഫന്‍സിങ്ങിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  അഴിമതി സ്ഥാപന വത്ക്കരിക്കാന്‍ പ്രദേശിക തലത്തില്‍ വരെ നീക്കം നടന്ന വകുപ്പില്‍ ഇപ്പോള്‍ വലിയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കി സര്‍ക്കാര്‍ നടപടികളുടെ ഗുണം നാട്ടുകാര്‍ അനുഭവത്തിലൂടെ  മനസിലാക്കിയിട്ടുണ്ട്. ആരോഗ്യകരമായ മാറ്റം തുടര്‍ന്നും നിലനിര്‍ത്തും.പുതിയ കാലം പുതിയ സേവനം എന്ന ലക്ഷ്യത്തിലൂന്നി രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നും നടപ്പു സാമ്പത്തിക വര്‍ഷം 4500കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങില്‍ രജിസ്ട്രഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. സണ്ണിജോസഫ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. അഡീഷണന്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംങ്ങ്,നഗരസഭാ ചെയര്‍മാന്‍ പി. പി അശോകന്‍,കെ.എസ്.സി.സി  റീജിയണല്‍ മാനേജര്‍ പി.എസ് റോയി ,ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ് ,നഗരസഭാ സ്റ്റാന്റിംങ്ങ് കമ്മിറ്റിചെയര്‍മാന്‍മാരായ  പി.പി ഉസ്മാന്‍,മുഹമ്മദലി, വാര്‍ഡ് അംഗങ്ങളായ  എ ഗീത, പി.രഘു,  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബിനോയി കുര്യന്‍ , പി എ നസീര്‍ . എന്‍ രവീന്ദ്രന്‍,  എം ആര്‍ സുരേഷ് , കെ മുഹമ്മദലി , മാത്യു കുന്നപ്പള്ളി , ജോണ്‍ കൊച്ചു കരോട്ട്,  എംപി മനോഹരന്‍ ,ബെന്നിച്ചന്‍ മഠത്തിനകം, ആഷ്‌റഫ് ചായിലോട്, സബ്രജിസ്ട്രാര്‍ എം.എന്‍ ദിലീപ്  തുടങ്ങിയവര്‍ സംസാരിച്ചു. കിഫ്ബിയില്‍ ഉൾപ്പെടുത്തി 1.42 കോടി രൂപയാണ് കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് മൂന്ന് നിലകളുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. അടുത്ത ഡിസംബറിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.