തര്‍ക്കം തീരുന്നു  മാടത്തിയില്‍ സ്റ്റേഡിയത്തിന് പച്ചക്കൊടി

ഇരിട്ടി: കായികവകുപ്പ് പായം പഞ്ചായത്തിലെ മാടത്തിയില്‍ അനുവദിച്ച സ്റ്റേഡിയം നിര്‍മിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 10 കോടിയോളം രൂപ ചെലവില്‍ അന്തര്‍ദേശീയ നിലവാരമുള്ള സ്റ്റേഡിയത്തിനായി ആറുമാസം മുന്‍പാണ് പ്രഖ്യാപനം ഉണ്ടായത്. പഴശ്ശിപദ്ധതിയുടെ അധീനതയിലുള്ള മാടത്തിടൗണിനോട് ചേര്‍ന്ന ഭാഗത്തെ അഞ്ചേക്കര്‍ സ്ഥലമാണ് സ്റ്റേഡിയത്തിനായി പഞ്ചായത്ത് കണ്ടെത്തിയിരിക്കുന്നത്. പദ്ധതിപ്രദേശം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിവരികയാണെന്നും വിശദമായ പദ്ധതി റിപ്പോര്‍ട്ടും സൈറ്റ്‌പ്ലാനും ഉടന്‍ സമര്‍പ്പിക്കുമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്‍ പറഞ്ഞു. പദ്ധതിയില്‍ എഫ്.ആര്‍.എല്‍. ലെവലില്‍ വെള്ളം സംഭരിച്ചപ്പോഴും സ്റ്റേഡിയത്തിനായുള്ള സ്ഥലത്ത് വെള്ളം കയറിയിട്ടില്ലെന്നും ഇക്കാര്യം ജലസേചനവിഭാഗം ചീഫ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ളവരെ ബോധ്യപ്പെടുത്തും. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശമാണ് സ്റ്റേഡിയത്തിനായി അനുവദിച്ചതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പ്രദേശത്തിന്റെ സര്‍വേനമ്ബര്‍ മാറിപ്പോയ വിഷയത്തില്‍ നമ്ബര്‍ തിരുത്തികിട്ടിയതായും സ്ഥലം അളന്നുതിരിച്ചതായും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.

ജലസേചനവിഭാഗത്തിലെ ഒരുവിഭാഗം ജീവനക്കാരാണ് പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. വെള്ളം കയറുന്ന പ്രദേശമാണെന്നരീതിയില്‍ നല്‍കിയ റിപ്പോര്‍ട്ടുകളാണ് പ്രതിസന്ധിയുണ്ടാക്കിയത്. പദ്ധതിയില്‍ ഒരുമീറ്ററില്‍ കൂടുതല്‍ വെള്ളം ഉയര്‍ന്നാലും സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്ത് വെള്ളം കയറില്ലെന്ന് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു. പ്രസിഡന്റിനു പുറമെ വൈസ് പ്രസിഡന്റ് വി.സാവിത്രി, അംഗങ്ങളായ പവിത്രന്‍ കരിപ്പായി, വി.കെ.പ്രേമരാജന്‍, വിമല എന്നിവരും പങ്കെടുത്തു.