ശമ്പളം മുടങ്ങി രണ്ടുമാസം; ഹാന്‍വീവില്‍ പ്രതിസന്ധി രൂക്ഷം

കണ്ണൂര്‍: നെയ്തെടുക്കുന്ന തുണിയുടെ വില്‍പന കുറഞ്ഞതും നഷ്ടവും കാരണം കേരളാ കൈത്തറിവികസന കോര്‍പ്പറേഷന്‍ (ഹാന്‍വീവ്) വന്‍ പ്രതിസന്ധിയില്‍. രണ്ടുമാസത്തിലേറെയായി വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരും തൊഴിലാളികളും സമരരംഗത്താണ്. സ്കൂള്‍ യൂണിഫോം, റിബേറ്റ് ഇനങ്ങളില്‍ സര്‍ക്കാര്‍ നല്‍കാനുള്ള എട്ടുകോടിയിലേറെ രൂപ കിട്ടാതെ മുന്നോട്ടുപോകാനാവാത്ത സ്ഥിതിയാണെന്ന് സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറികൂടിയായ ഹാന്‍വീവ് ചെയര്‍മാന്‍ കെ.പി.സഹദേവന്‍ വ്യക്തമാക്കി. ശമ്ബളം ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു. യൂണിയന്‍ ഹെഡ് ഓഫീസ് പടിക്കല്‍ സത്യാഗ്രഹം നടത്തി. സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.മനോഹരന്‍ ഉദ്ഘാടനംചെയ്തു. ഐ.എന്‍.ടി.യു.സി., എ.ഐ.ടി.യു.സി യൂണിയനുകളും സമരത്തിലാണ്.

ഹാന്‍വീവിന്റെ വിറ്റുവരവും ചെലവും തമ്മില്‍ ഒരു പൊരുത്തവുമില്ലാത്തതാണ് ശമ്ബളം നല്‍കാന്‍പറ്റാത്ത സാഹചര്യത്തിന് കാരണമെന്ന് ചെയര്‍മാന്‍ കെ.പി.സഹദേവന്‍ പറയുന്നു. തീരേ കച്ചവടമില്ലാത്തതിനാല്‍ കണ്ണൂരിലെ ഒരു ഷോറൂം പൂട്ടി. പകരം സ്റ്റേഡിയം കോംപ്ലക്‌സില്‍ പുതിയ ഷോറൂം തുടങ്ങുന്നതിന് നടപടി എടുക്കുകയാണ്.

സ്കൂള്‍ യൂണിഫോം തുണിയുടെ പ്രവൃത്തിയുള്ളതിനാലാണ് സ്ഥാപനം നടന്നുപോകുന്നത്. അടുത്തവര്‍ഷത്തെ യൂണിഫോം തുണി നെയ്തതിന്റെ പണമാണ് സര്‍ക്കാരില്‍നിന്ന് കിട്ടാനുള്ളത്. റിബേറ്റിനത്തിലും കിട്ടാനുണ്ട്. ഹാന്‍വീവിന്റെ മേഖലാ ഓഫീസ് നിര്‍മിക്കുന്നതിനും മറ്റുമായി പദ്ധതി ഇനത്തില്‍ സര്‍ക്കാര്‍ അനുവദിച്ച പണമെടുത്താണ് ഇതുവരെ ശമ്ബളം നല്‍കിയത് -മാനേജ്‌മെന്റ് പറയുന്നു.