പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന് വകുപ്പുകളുടെ ശുപാര്‍ശ: സഭയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ. ഒന്‍പതോളം സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളുമാണ് ഒരേ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ എട്ട് സ്ഥാപനങ്ങളും സംസ്ഥാന ധനവകുപ്പിന് കത്തയച്ചു. എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വിശദീകരിച്ചു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വിഷയത്തില്‍ നേരത്തെയും ധനമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. ധനവകുപ്പിന് മാത്രം അത്തരമൊരു തീരുമാനമെടുക്കാന്‍ കഴിയില്ല. ഇടത് മുന്നണിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നുമാണ് കഴിഞ്ഞ മാസം തോമസ് ഐസക് പറഞ്ഞത്. വിരമിക്കല്‍ ദിവസം ഏകീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞിരുന്നു. ഒരു മാസത്തെ ശമ്ബളത്തിനും പെന്‍ഷനും വേണ്ടി 2500 കോടി രൂപയാണ് സര്‍ക്കാരിന് വേണ്ടത്. പെന്‍ഷനാകുന്നവര്‍ക്ക് ആനുകൂല്യമായി, ഒരാള്‍ക്ക് ശരാശരി 25 ലക്ഷം വരെ നല്‍കേണ്ടി വരും. അടുത്ത രണ്ട് വര്‍ഷത്തിനകം 20,000 ജീവനക്കാരാണ് പെന്‍ഷനാകുന്നത്. പെന്‍ഷന്‍ പ്രായം 58 ആക്കിയാല്‍ അങ്ങനെ 4500 കോടി രൂപ ഖജനാവിന് കിട്ടും. ധനവകുപ്പിന്റെ ഈ നിര്‍ദ്ദേശമാണ് ഇപ്പോള്‍ മന്ത്രി തള്ളിക്കളഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ഇത്തരമൊരു തീരുമാനം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണിത്. പെന്‍ഷന്‍ ദിവസം മാര്‍ച്ച് 31 ആയി ഏകീകരിക്കണമെന്ന നിര്‍ദ്ദേശവും മന്ത്രി തള്ളിക്കളഞ്ഞു.
0 Comments