കൊ​ച്ചി: ഫ്ള​ക്സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്നു ഡി​ജി​പി സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ചെ​ന്നു സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. അ​ന​ധി​കൃ​ത ഫ്ള​ക്സ് ബോ​ര്‍​ഡു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ സ്വ​മേ​ധ​യാ പ​രി​ഗ​ണി​ക്കു​ന്ന ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

ഫ്ള​ക്സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ചെ​ന്നാ​ണു സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​ത്. ഫ്ള​ക്സ് ബോ​ര്‍​ഡു​ക​ള്‍ മാ​റ്റ​ണ​മെ​ന്നു റോ​ഡ് സു​ര​ക്ഷാ അ​തോ​റി​റ്റി ഉ​ത്ത​ര​വി​റ​ക്കി​യെ​ന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്ന​തും, ഫു​ട്പാ​ത്തു​ക​ള്‍ കൈ​യ​ട​ക്കി​യു​ള്ള​തു​മാ​യ ഫ്ള​ക്സു​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

അ​ന​ധി​കൃ​ത ബോ​ര്‍​ഡും ബാ​ന​റു​ക​ളും സ്ഥാ​പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്ക​ണ​മെ​ന്നും വീ​ഴ്ച വ​രു​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി ഡി​ജി​പി സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്ക​ണ​മെ​ന്നു നേ​ര​ത്തെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. പൊ​തു​സ്ഥ​ല​ത്തെ അ​ന​ധി​കൃ​ത ബോ​ര്‍​ഡു​ക​ളും കൊ​ടി തോ​ര​ണ​ങ്ങ​ളും 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ മാ​റ്റാ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നും ഇ​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യാ​ല്‍ സ്ഥാ​പി​ച്ച വ്യ​ക്തി​ക​ള്‍​ക്കെ​തി​രേ ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പൊ​തു​സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി കൊ​ടി​തോ​ര​ണ​ങ്ങ​ളും ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ക്കു​ന്ന​ത് കൈ​യേ​റ്റ​മാ​ണെ​ന്നു വി​ല​യി​രു​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ഒ​രു ല​ക്ഷം രൂ​പ വ​രെ പി​ഴ​യും അ​ഞ്ചു വ​ര്‍​ഷം വ​രെ ത​ട​വും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​തെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.