ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് 790 കോടിയുടെ ബജറ്റ്‌

കോട്ടയം: ഓര്‍ത്തഡോക്‌സ്‌ സഭയുടെ 790 കോടി രൂപയുടെ ബജറ്റ്‌ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ചു. വികസനത്തിനും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ്‌ ബജറ്റ്‌. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ കോട്ടയം പഴയ സെമിനാരിയില്‍ കൂടിയ മാനേജിങ്‌ കമ്മിറ്റി യോഗത്തിലാണ്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌.
ആരോഗ്യപരിപാലനം, സാമൂഹികക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികള്‍ക്കാണു ബജറ്റ്‌ പ്രാധാന്യം നല്‍കുന്നത്‌. കാതോലിക്കാദിന പിരിവിലൂടെ ലഭിക്കുന്ന സംഭാവനയാണ്‌ പ്രധാന വരുമാന സ്രോതസ്‌.
ജാതിമത ഭേദമെന്യേയുളള വിവാഹധനസഹായം, ഭവന നിര്‍മാണം എന്നിവയ്‌്ക്കായി ബജറ്റില്‍ 80 ലക്ഷം രൂപവകയിരുത്തി. "സഹായഹസ്‌തം" ഡയാലിസിസ്‌ ആന്‍ഡ്‌ ലിവര്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍ പദ്ധതിക്ക്‌ 40 ലക്ഷം രൂപ അനുവദിച്ചു.
കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസസസ്‌ പരീക്ഷയ്‌ക്കു തയാറെടുക്കുന്നവര്‍ക്കു പരിശീലനം നല്‍കാന്‍ സ്‌ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തി. പരിസ്‌ഥിതി കമ്മിഷന്റെ സഹായത്തോടെ ഹൈബ്രിഡ്‌ ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനും നെല്‍,ക്ഷീര കര്‍ഷകരെ ആദരിക്കുന്നതിനുമായി 10 ലക്ഷം രൂപ വീതം വകയിരുത്തി. മര്‍ത്തമറിയം സമാജത്തിന്റെ നേതൃത്വത്തില്‍ കടലാസ്‌/തുണി ബാഗ്‌ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചു.
അര്‍ഹരായ 100 വിധവകള്‍ക്ക്‌ പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതിനായി 25 ലക്ഷം രൂപ നീക്കിവച്ചു. കൊങ്കിണി സമൂഹത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ വകയിരുത്തി. എ.കെ. ജോസഫ്‌ അവതരിപ്പിച്ച വൈദികരുടെ ശമ്ബള പരിഷ്‌കരണ റിപ്പോര്‍ട്ട്‌ അംഗീകരിച്ചു.
മെത്രാപ്പോലീത്തമാരായ കുര്യാക്കോസ്‌ മാര്‍ ക്ലീമീസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, സഖറിയാസ്‌ മാര്‍ നിക്കോളാവോസ്‌, യൂഹാനോന്‍ മാര്‍ മിലീത്തിയോസ്‌, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്‌, യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്‌, അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്‌, ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌, യാക്കോബ്‌ മാര്‍ ഏലിയാസ്‌, യൂഹാനോന്‍ മാര്‍ ദിമെത്രയോസ്‌, യൂഹാനോന്‍ മാര്‍ തേവോദോറസ്‌്, സഖറിയാസ്‌ മാര്‍ അപ്രേം, ജോഷ്വാ മാര്‍ നിക്കോദിമോസ്‌, വൈദിക ട്രസ്‌റ്റി ഫാ.എം.ഒ. ജോണ്‍ എന്നിവര്‍ പങ്കെടുത്തു.