മഹിളാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
ബത്തേരി: സ്‌ത്രീകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും എതിരെയുള്ള ചെറുത്തുനിൽപ്പിനും സ്‌ത്രീസമത്വവാദത്തിനും കരുത്തുപകർന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് ബത്തേരിയിൽ ഉജ്വല തുടക്കം. വംശീയതയുടെപേരിലും വർഗീയതയുടെപേരിലും രക്‌തസാഷിത്വം വരിക്കേണ്ടിവന്നവരുടെ ഓർമകളിരമ്പിയ ഗൗരി ലങ്കേഷ് നഗറിൽ(ബത്തേരി നഗരസഭ ടൗൺഹാൾ) നടന്ന പ്രതിനിനിധി സമ്മേളനം അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ സൈനബ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് രുഗ്‌മിണി സുബ്രഹ്മണ്യൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടിക്രമങ്ങൾ ആരംഭിച്ചത്. സംഘാടകസമിതി ചെയർമാൻ ബേബി വർഗീസ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി പി ആർ നിർമല രക്തസാക്ഷി പ്രമേയവും ടി ജി ബീന അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘടനയുടെ ആദ്യകാല നേതാക്കളെ ചടങ്ങിൽ ആദരിച്ചു. പി ആർ നിർമല പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി പി സതീദേവി സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. ഉച്ചക്ക് ശേഷം ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും ആരംഭിച്ചു. രുഗ്‌മിണി സുബ്രഹ്മണ്യൻ, ജിഷ ഷാജി, ലക്ഷ്‌മി രാധാകൃഷ്‌ണൻ എന്നിവരടങ്ങുന്ന പ്രസിഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഒ ബി വസന്ത കൺവീനറും വനജ വിജയൻ, വി ജി ഗിരിജ, രമാ ഗോപിനാഥ് എന്നിവർ അംഗങ്ങളുമായ മിനുട്‌സ് കമ്മിറ്റി, വിശാലാക്ഷി (കൺവീനർ), ടി പി സബിത, സി ഓമന, ലതാ ശശി, റുഖിയ എന്നിവരടങ്ങിയ പ്രമേയകമ്മിറ്റി, ബീനാ വിജയൻ (കൺവീനർ) നിർമല വിജയൻ, എൽസി ജോർജ്, സീത ബാലൻ, ജാനകി എന്നിവരടങ്ങിയ ക്രഡൻഷ്യൽകമ്മിറ്റി എന്നിവയും പ്രവർത്തിക്കുന്നു. തിങ്കളാഴ്‌ച പൊതുചർച്ച പൂർത്തികരിച്ച് റിപ്പോർട്ട് അംഗീകരിക്കും. ഉച്ചക്ക് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. 240 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാന പ്രസിഡന്റ് സുസൻ കോടി, സെക്രട്ടറി പി സതീദേവി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, എം സി ജോസഫൈൻ എന്നിവരും വിവിധ വർഗബഹുജന സംഘടനാ പ്രതിനിധികളും സമ്മേളനത്തെ അഭിവാദ്യം ചെയ്യും.
0 Comments