വിവാഹ തട്ടിപ്പുകാരനും കൂട്ടാളികളും അറസ്റ്റിൽ


പയ്യന്നൂർ: വിവാഹം ഉറപ്പിച്ച ശേഷം വധുവിന്റെ വീട്ടുകാരിൽ നിന്നും പണം വാങ്ങി മുങ്ങിയ വിവാഹ തട്ടിപ്പുകാരനും കൂട്ടാളികളും അറസ്റ്റിൽ. പയ്യന്നൂർ കോറോം സ്വദേശികളായ യൂനസ്, ഇയാളുടെ അമ്മാവൻ സുബൈർ എന്ന് ആൾമാറാട്ടം നടത്തിയ കൃഷ്ണൻ, യൂനസിന്റെ കൂടെ മരണപണി ചെയ്യുന്നയാളും സുഹൃത്തുമാണെന്ന് പറഞ്ഞ് തട്ടിപ്പിന് കൂട്ടുനിന്ന ലക്ഷ്മണൻ എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ. ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ ചെറിയൂരിലെ യുവതിയെയും ബന്ധുക്കളെയുമാണ് ഇവർ പറ്റിച്ചത്. യുവതിയെ കാണാൻ മുവരും എത്തുകയും കാര്യങ്ങൾ സംസാരിച്ച് വിവാഹം നിശ്ചയിക്കുകയുമായിരുന്നു.സംപ്തബർ 12 ന് പയ്യന്നുരിലെ ഒരു ലോഡ്ജിൽ വെച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചത്.വിവാഹത്തിന് മുൻപ് സ്ത്രീധനമായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ യൂനസ് കൈപ്പറ്റുകയും ചെയ്തു. യുവതിയുടെ വീട്ടുകാർ വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുകയും വിവാഹ ദിവസം രണ്ടായിരത്തോളം പേർക്കുള്ള ഭക്ഷണം തയ്യാറാക്കുകയും ചെയ്തു എന്നാൽ വിവാഹ ദിവസം വരനും സംഘവും എത്തിയില്ല പിന്നീട് നടത്തിയ അന്വേഷണത്തിൽ യൂനസ് തലേ ദിവസം തന്നെ നാട്ടിൽ നിന്ന് മുങ്ങിയതായി മനസ്സിലായി. തുടർന്ന് യുവതിയുടെ സഹോദരൻ പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ യൂനസ് നിരവധി യുവതികളുടെ ബന്ധുക്കളിൽ നിന്ന് വിവാഹ വാഗ്ദ്ധാനം നൽകി പണം വാങ്ങി വഞ്ചിച്ചതായി മനസ്സിലായി. തുടർന്ന് ഇയാളെയും മറ്റ് രണ്ട് പേരെയും പിടികൂടുകയായിരുന്നു.