പിറവം പള്ളിയിലെ പ്രതിഷേധക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി

പിറവം പള്ളിക്കുള്ളിലെ പ്രതിഷേധക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശം. പള്ളിക്കുള്ളിലെ മുഴുവന്‍ യാക്കോബായ വിഭാഗക്കാരെയും പള്ളിയില്‍ നിന്ന് മാറ്റണം. ഉത്തരവ് നടപ്പാക്കി 1.45 ഓടെ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം. ഓര്‍ത്തഡോക്‌സ് ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. കേസ് 1.45ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പിറവം പള്ളിയില്‍ കയറാതിരിക്കാന്‍ ഇന്നലെ മുതല്‍ യാക്കോബായ വിഭാഗം പ്രതിഷേധത്തിലാണ്. പള്ളിയ്ക്ക് അകത്ത് കയറിയ യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാന്‍ പൊലീസ് ശ്രമിച്ചത് ഇന്നലെ സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. പ്രശ്‌നക്കാരെന്ന് കണ്ടെത്തി പള്ളിയില്‍ കയറുന്നതിന് 67 യാക്കോബായ വിഭാഗക്കാരെ ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

യാക്കോബായ വിഭാഗത്തിന്റെ വൈദിക ട്രസ്റ്റി അടക്കമുള്ളവര്‍ക്ക് എതിരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് മാസത്തേക്കാണ് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥലത്ത് ജില്ലാ കളക്ടര്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് യാക്കോബായക്കാര്‍.

ഇതേ സമയം സുപ്രീംകോടതി വിധിപ്രകാരം ആരാധനയ്‌ക്കെത്തുന്നവരെ പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയില്ലെന്ന് യാക്കോബായ മലബാര്‍ ഭദ്രാസനാധിപന്‍ സക്കറിയാ മാര്‍ പോളി കാര്‍പസ് പറഞ്ഞു. എന്നാല്‍, ആരാധനയുടെ പേരില്‍ എവിടെ നിന്നെങ്കിലും വരുന്നവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.