കൊടുങ്കാറ്റിലും തകരാത്ത മനസുമായി കണിച്ചാറിലെ കർഷകർ
കണിച്ചാർ : കണിച്ചാർ പ്രദേശത്ത് കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് രാവിലെ എട്ടുമണിയോടെ രണ്ടുമിനിറ്റു മാത്രം നീണ്ടു നിന്ന ചുഴലിക്കാറ്റിൽ തോട്ടത്തിൽ ജിമ്മിയുടെതുൾപ്പെടെ കണിച്ചാർ, കേളകം പഞ്ചായത്തുകളിലായി അയ്യായിരത്തിലേറെ റബ്ബർ മരങ്ങളാണ് പാടെ നശിച്ചത്. എന്നാൽ കൃഷി നശിച്ചതോർത്ത് തകർന്നിരിക്കാതെ പ്രതീക്ഷയോടെ പുതുനാമ്പ് തീർക്കുകയാണ് ഈ കർഷകർ . കൊടുങ്കാറ്റിൽ ഒടിഞ്ഞ് വീണ മരങ്ങളെല്ലാം വെട്ടിമാറ്റി പുതിയവ നടാനുള്ള ഒരുക്കത്തിലാണ് ഇവർ .ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ കിട്ടിയ വിലയ്ക്ക് വിൽക്കുകയാണ് വ്യാപക നാശമുണ്ടായ കർഷകരെല്ലാം ചെയ്തത്. മരത്തടികളെല്ലാം കാറ്റിൽ പിരിഞ്ഞൊടിഞ്ഞു പോയതിനാൽ പകുതി വിലപോലും കിട്ടിയില്ല. 480 റബർ മരങ്ങൾ വിറ്റതിന് തോട്ടത്തിൽ ജിമ്മിക്ക് കിട്ടിയത് ഒരു ലക്ഷം രൂപയാണ്. തടി എല്ലാം പിരിഞ്ഞുപോയി എന്നാണ് മേടിക്കാനെത്തിയവർ പറയുന്നത്.- ജിമ്മി പറയുന്നു. എങ്കിലും റബ്ബറിനെ സ്‌നേഹിക്കുന്ന കർഷകർക്ക് പരിഭവങ്ങളില്ല. മരങ്ങൾ നടാനായി നിലമൊരുക്കുന്ന തിരക്കിലായിക്കഴിഞ്ഞു കർഷകർ. ജിമ്മിയുടേതിനു തൊട്ടടുത്തു തന്നെ തോട്ടമുണ്ടായിരുന്ന മണലുമാലിൽ നാരായണനും പുതിയ തൈകൾ നടാനുള്ള പ്രവർത്തനങ്ങളിലാണിപ്പോൾ. കണിച്ചാർ നാനാനിപൊയിലിലെ കുന്നേൽ ബാബുവിന്റെയും മരങ്ങൾ വ്യാപകമായി നശിച്ചു. ഇദ്ദേഹവും എല്ലാ മരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്.
അടുത്ത ദിവസം തന്നെ മരങ്ങൾ നടാനുള്ള തയാറെടുപ്പിലാണ് ജിമ്മി. 450 മരങ്ങൾക്ക് നേഴ്‌സറിയിൽ ഓർഡർ നൽകിയിട്ടുണ്ട്. കുഴിയെടുക്കലും മറ്റുമാണിപ്പോൾ പുരോഗമിക്കുന്നത്. ഒരു തൈ നടുന്നതിന് 220 രൂപയോളം ചെലവുണ്ട്. അദ്ദേഹം പറയുന്നു. മരങ്ങൾ പൊട്ടിവീണ് വീടിനും കേടുപാടുണ്ടായതിനാൽ ആ ഭാഗം മാത്രം ഒഴിവാക്കിയാണ് ഇത്തവണത്തെ കൃഷി. 2.70 ഏക്കർ സ്ഥലത്തായിരുന്നു മരങ്ങളുണ്ടായിരുന്നത്. 12 വർഷമേ ടാപിങ് ചെയ്തുള്ളു. 14 വർഷത്തോളം ഇനിയും ടാപ്പുചെയ്യാനാവുമായിരുന്നു. തോട്ടത്തിന്റെ മൂലയിലായി മുറിച്ചു കൂട്ടിയിരിക്കുന്ന മരത്തടികൾ നോക്കി ജിമ്മി പറയുന്നു. കർഷകന് ആരോടും പരിഭവമില്ല. സ്വയം സമാധനിക്കും നാളെ നല്ലത് വരും
0 Comments