ഗതാഗതനിയമങ്ങള്‍ക്ക് 'ചക്രപ്പൂട്ടിട്ട്' ബസ്സുകള്‍

കണ്ണൂര്‍: ഗതാഗതനിയമങ്ങള്‍ക്ക് ചക്രപ്പൂട്ടിട്ട് കാല്‍ടെക്സ് ഗാന്ധി സര്‍ക്കിളില്‍ ബസ്സുകളുടെ പാര്‍ക്കിങ്. രാവിലെ ഏറ്റവും ജനത്തിരക്കുള്ള എട്ടിനും ഒന്‍പതിനും മധ്യേയാണ് ഇൗ നിയമലംഘനം. രാവിലെ എട്ടോടെയാണ് ഇവിടെ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. സിഗ്നല്‍ ലൈറ്റ് തെളിഞ്ഞാല്‍ വിവിധ റോഡുകളിലേക്ക് മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത രീതിയില്‍ റോഡിന് കുറുകെയാണ് ബസ്സുകള്‍ നിര്‍ത്തിയിടുന്നത്.

മുന്നിലുള്ള ബസ്സുകള്‍ നിര്‍ദിഷ്ട ബസ് ബേയില്‍ നിര്‍ത്താതെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേക്കുള്ള റോഡിന് മുന്നില്‍ നിര്‍ത്തിയിടുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ആദ്യത്തെ ബസ്സിനു പിറകെവരുന്ന ബസ്സുകള്‍ ഒടുവില്‍ നടുറോഡില്‍ നിര്‍ത്തിയിടേണ്ടിവരുന്നതും ഇതിനാലാണ്. ആദ്യബസ്സുകള്‍ കാല്‍ടെക്സില്‍ ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നില്കുന്ന ഭാഗത്തേക്ക് മാറ്റിനിര്‍ത്തിയാല്‍ പ്രശ്നത്തിന് പരിഹാരമാകും. ഇവിടെ രണ്ടും മൂന്നും കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഡിപ്പോയ്ക്ക് പുറത്തായി നിര്‍ത്തുന്നതും പ്രശ്നകാരണമാണ്. ചില ഹ്രസ്വദൂരബസ്സുകള്‍ സമയക്രമം പാലിക്കാനായി ദീര്‍ഘനേരം നിര്‍ത്തിയിടുന്നുമുണ്ട്.

പാളിയത് ഗതാഗതനിയന്ത്രണം

ഇവിടത്തെ ഗതാഗതപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇടക്കാലത്ത് പോലീസും ട്രാഫിക് പോലീസും സജീവമായി രംഗത്തിറങ്ങിയിരുന്നെങ്കിലും നിലവില്‍ കാര്യങ്ങള്‍ അയഞ്ഞ മട്ടാണ്. പോലീസ് സ്ഥാപിച്ച ബാരിക്കേഡിന്റെയും ചങ്ങലയുടെയും പ്രയോജനം ഇപ്പോള്‍ ലഭിക്കുന്നുമില്ല. രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളില്‍ ഇവിടെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും സമീപത്തെ കടയുടമകളുടെയും ആവശ്യം.