ഇരിട്ടി പുന്നാട് കുഴുമ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ സംഭവത്തിൽ മോഷ്ടാവ് അറസ്റ്റില്‍

നേരം പോക്ക് സ്വദേശി മുരളി എന്ന അമ്പാടി (34)നെയാണ് ഇരിട്ടി എസ്‌ഐ ദിനേശന്‍ കൊതേരി  അറസ്റ്റ് ചെയ്തത്.  ഇന്നലെ  പുലര്‍ച്ചെയാണ് മോഷണം നടന്നത്. ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് ദേവിക്ക് ചാര്‍ത്തിയ താലിയും ഓഫീസിനുള്ളില്‍ നിന്നും പണവും കവര്‍ന്നു. ഇതേ മോഷ്ടാവ് തില്ലങ്കേരി ചാളപ്പറമ്പില്‍ ഒരു വീട്ടിലും മോഷണം ശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.  ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണതാലിയും പോലീസ് കണ്ടെടുത്തു.  ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തില്‍ എത്തിയ ജീവനക്കാരനാണ് മോഷണ ശ്രമം ശ്രദ്ധയില്‍പ്പെടുന്നത്. അതിരാവിലെ ശ്രീകോവിലിനുള്ളില്‍ നിലവിളക്ക് കത്തുന്നത് കണ്ട ജീവനക്കാരന്‍ നവമി ആഘോഷം തുടങ്ങുന്ന ദിവസമായതിനാല്‍ പൂജാരി രാവിലെ എത്തിയതായിരിക്കുമെന്ന് കരുതി. ഏറെ നേരം കഴിഞ്ഞിട്ടും പൂജാരിയുടെ ശബ്ദമോ മറ്റും കേള്‍ക്കാഞ്ഞതിനാല്‍ വിളിച്ചു നോക്കിയെങ്കിലും മറുപടിയുണ്ടായില്ല. ഇതോടെ സമീപ വാസികളെ അറിയിച്ചു. മോഷ്ടാവ്  ശ്രീകോവിലില്‍ വിളക്ക് തെളിയിച്ചാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.