രാത്രിയാത്രാ സമരക്കാര്‍ക്ക് പിന്തുണയുമായി രാഹുല്‍; ഒരാള്‍കൂടി അറസ്റ്റില്‍


ബന്ദിപ്പൂർ പാതയിലൂടെയുള്ള രാത്രിയാത്രനിയന്ത്രണം നീട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു ബത്തേരിയിൽ അനിശ്ചിതകാല നിരാഹാരമിരിക്കുന്ന ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിവിധ യുവജന സംഘടനകളുടെ അഞ്ചു പേർ തുടർച്ചയായ അഞ്ചാം ദിവസമാണ് നിരാഹാരമിരിക്കുന്നത്. 
നിരാഹാരം കിടക്കുന്നവര്‍ക്ക് രാഹുല്‍ ഗാന്ധി എം.പി. പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വയനാട്ടില്‍നിന്നുള്ള യു.ഡി.എഫ് നേതാക്കള്‍ നാളെ ഡല്‍ഹിയില്‍ എം.പിയുമായി വിഷയം ചർച്ച ചെയ്യും. സുപ്രീംകോടതിയിലെ അഭിഭാഷകരും നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.
മറ്റന്നാൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കാണാൻ ആക്ഷൻകമ്മിറ്റിയും ശ്രമം നടത്തുന്നുണ്ട്. ഇന്നും സമരത്തിന് പിന്തുണയുമായി നിരവധിപേരെത്തി.