ഓഫര്‍ പെരുമഴയുമായി ആമസോണും ഫ്ലിപ്പ്കാര്‍ട്ടും


ദില്ലി: രാജ്യത്തെ ഉത്സവകാലം പ്രമാണിച്ച് ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവര്‍ നടത്തുന്ന ഈ വര്‍ഷത്തെ ആദ്യത്തെ ഓഫര്‍ സെയില്‍ ആരംഭിച്ചു. ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലും, ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ബില്ല്യണ്‍ ഡേസും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ ദിവസമാണ്. സെപ്തംബര്‍ 29-ഒക്ടോബര്‍ 4. ഒരു കൂട്ടം ഓഫറുകളാണ് ഈ ദിനങ്ങളില്‍ ഷോപ്പിംഗ് ഭീമന്മാര്‍ ഒരുക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പ്, ടിവി,ഹെഡ്ഫോണ്‍ എന്നിവയ്ക്ക് വലിയ ഓഫറുകളാണ് വാഗ്ദാനം ചെയ്യപ്പെടുന്നത്.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെപ്തംബര്‍ 28 സെയില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണ്‍ പ്രൈം മെമ്പര്‍മാര്‍ക്ക് വേണ്ടി ആരംഭിച്ചു. ബാക്കിയുള്ളവര്‍ക്ക് ഇത് ആരംഭിച്ചത് സെപ്തംബര്‍ 29 പുലര്‍ച്ചെ 12 മുതലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാര്‍ഡിനാല്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഡിസ്ക്കൗണ്ട് എല്ലാ സാധനത്തിനും ലഭിക്കും.
പുതിയ പ്രോഡക്ടുകളും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിന്‍റെ ഭാഗമായി എത്തും. വണ്‍പ്ലസ്, വിവോ, ലെനോവ, ആമസോണ്‍ ബെസിക്സ്, സാംസങ്ങ് എന്നീ കമ്പനികള്‍ പുതിയ ഉത്പന്നങ്ങള്‍ എത്തിക്കും.  സ്മാർട്ഫോണുകളിൽ വൺപ്ലസ് 7, സാംസങ് ഗ്യാലക്സി M30 എന്നിവയ്ക്കാണ് മികച്ച ഓഫർ.  വൺപ്ലസ് 7 പ്രോ, ആപ്പിൾ ഐഫോൺ XR, സാംസങ് ഗ്യാലക്സി നോട്ട് 9 എന്നീ ഫോണുകൾക്കും വിലക്കിഴിവുണ്ട്.
എന്നാൽ വിലക്കിഴിവ് എത്രയാണെന്ന് ആമസോൺ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റെഡ്മി 7 നും വിലക്കിഴിവുണ്ടാകും. കഴിഞ്ഞ വർഷമാണ് ആപ്പിൾ ഐഫോൺ XR  കമ്പനി അവതരിപ്പിച്ചത്. സാംസങ് ഗ്യാലക്സി നോട്ട് 9 2018 ൽ 67,900 രൂപയ്ക്കാണ് കമ്പനി പുറത്തിറക്കിയത്. 128 ജിബി സ്റ്റോറേജ് മോഡലാണിത്. പിന്നിൽ ഇരട്ട ക്യാമറയുണ്ട്.
4,000 എംഎഎച്ചാണ് ബാറ്ററി. ഓരോ ബ്രാൻഡുകൾക്കും നൽകുന്ന വിലക്കിഴിവ് എത്രയാണെന്ന് വെവ്വേറെ ദിവസങ്ങളിലാണ് ആമസോൺ അറിയിക്കുന്നത്.
ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സമയത്ത് തന്നെയാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്സ് അവതരിപ്പിക്കുന്നത്. ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് മെമ്പര്‍മാര്‍ക്ക് സെപ്തംബര്‍ 28 വൈകീട്ട് 8 മണി മുതല്‍ ഡീലുകള്‍ ലഭിച്ചുതുടങ്ങി. ബാക്കിയുള്ളവര്‍ക്ക് ഓഫര്‍ സെപ്തംബര്‍ 29 പുലര്‍ച്ചെ 12 മുതല്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെപ്പോലെ വിവിധ ഘട്ടങ്ങളായാണ് ഫ്ലിപ്പ്കാര്‍ട്ട് ഓഫറുകള്‍ നല്‍കുന്നത്. ആദ്യ ദിവസം ടിവി, വീട്ടുപകരണങ്ങള്‍, സ്മാര്‍ട്ട് വെയറബിള്‍സ് എന്നിവയ്ക്കാണ് ഓഫര്‍. സെപ്തംബര്‍ 30 മുതലാണ് സ്മാര്‍ട്ട്ഫോണുകളുടെ ഓഫര്‍. ആക്സിസ് ബാങ്ക് കാര്‍ഡ് ഉള്ളവര്‍ക്കും, ഐസിഐസി ക്രഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കും എല്ലാ പര്‍ച്ചേസിനും 10 ശതമാനം ഓഫര്‍ ലഭിക്കും.
പ്രധാനപ്പെട്ട സ്മാര്‍ട്ട്ഫോണുകള്‍ക്ക് എല്ലാം ഫ്ലിപ്പ്കാര്‍ട്ട് ഈ ദിവസങ്ങളില്‍ വിലക്കുറവ് നല്‍കും. റിയല്‍ മീ, ഷവോമി, വിവോ, മോട്ടോറോള, ഓപ്പോ, സാംസങ്ങ് ഫോണുകള്‍ക്ക് വിലക്കുറവ് ഫ്ലിപ്പ്കാര്‍ട്ട് നല്‍കും. ഇഎംഐ ഓഫറുകളും പുതിയ ലോഞ്ചുകളും പ്രതീക്ഷിക്കാം. പ്രത്യേക സമയങ്ങളില്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് അപ്രതീക്ഷിത സമ്മാനങ്ങളും വലിയ ഡിസ്ക്കൗണ്ടും ലഭിച്ചേക്കും.