ഇരിട്ടി: ആറളം വന്യജീവിസങ്കേതം അതിര്‍ത്തിയില്‍ കാട്ടാനപ്രതിരോധ സംവിധനം ഉണ്ടാക്കുന്നതിനായി ആദിവാസി പുരധിവാസ ഫണ്ട് ഉപയോഗിച്ച്‌ ആനമതിലും റെയില്‍ വേലിയും നിര്‍മിക്കുന്നതിന് 22 കോടിയുടെ പദ്ധതി സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചു. 10.5 കിലോമീറ്ററില്‍ കോണ്‍ക്രീറ്റ് ബെല്‍റ്റോടുകൂടിയ കരിങ്കല്‍മതിലും മൂന്ന് കിലോമീറ്ററില്‍ റെയില്‍ വേലിയും പണിയുന്നതിനാണ് 22 കോടി രൂപയുടെ എസ്റ്റിമേറ്റ് കളക്ടര്‍മുഖേന സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

ഇതോടെ അഞ്ചുമാസം മുന്‍പ് സമര്‍പ്പിച്ച എസ്റ്റിമേറ്റ് സംബന്ധിച്ച്‌ ഉണ്ടായിരുന്ന സാങ്കേതികത്വം പരിഹരിക്കുന്നതിനാണ് പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരിക്കുന്നത്. ആറളം ഫാമിലെയും ആദിവാസി പുനരധിവാസ മേഖലയിലെയും കാട്ടാനശല്യത്തിന് ശാശ്വതപരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ആനമതില്‍ റെയില്‍വേലി പദ്ധതിക്കായി നേരത്തെ 27 കോടി രൂപയുടെ എസ്റ്റിമേറ്റായിരുന്നു സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ചില സങ്കേതികപ്രശ്നങ്ങള്‍ ഉന്നയിച്ച്‌ അധികൃതര്‍ മടക്കുകയായിരുന്നു. 10 മാസം മുന്‍പ് ഫാമില്‍വെച്ച്‌ പട്ടികവര്‍ഗക വികസനവകുപ്പ്‌ മന്ത്രി എ.കെ.ബാലന്‍ പ്രഖ്യാപിച്ച പദ്ധതിയെ ഇല്ലാതാക്കുന്ന രീതിയിലുള്ള നടപടികളാണ് വനംവകുപ്പിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായത്.

ഇതിനെതിരേ വ്യാപക പ്രതിഷേധവും ഉണ്ടായി. മന്ത്രിതലത്തില്‍ ഉണ്ടായ ഇടപെടലുകളുടെ ഫലമായി നേരത്തെ സമര്‍പ്പിച്ച 27 കോടി രൂപയുടെ പദ്ധതിയില്‍ മൂന്ന് കിലോമീറ്റര്‍ റെയില്‍ വേലി ഇരിട്ടിപ്പായി വരുന്നതായി കണ്ടെത്തി. നബാര്‍ഡിന്റെ നേതൃത്വത്തില്‍ റെയില്‍വേലി പണിയുന്നുണ്ടെന്നും അതിനാല്‍ നേരത്തെ സമര്‍പ്പിച്ച എസ്റ്റിമേറ്റില്‍നിന്ന്‌ ഇത്‌ നീക്കംചെയ്യണമെന്നും നിര്‍ദ്ദേശമുണ്ടായി. ഇതേത്തുടര്‍ന്നാണ് എസ്റ്റിമേറ്റ് പുതുക്കാന്‍ നിര്‍ദേശം ഉണ്ടായത്.

ഫാമില്‍ ബ്ലോക്ക് 9 ലെ കാളികയം മുതല്‍ ബ്ലോക്ക് 13 ലെ പൊട്ടിച്ചപ്പാറവരെ 13.5 കിലോമീറ്ററിലാണ് 22 കോടി രൂപയുടെ എസ്റ്റിമേറ്റ് പുതുക്കി തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 10.5 കിലോമീറ്ററില്‍ കോണ്‍ക്രീറ്റ് ബെല്‍റ്റോടുകൂടിയ കരിങ്കല്‍ മതിലും മൂന്ന് കിലോമീറ്ററില്‍ റെയില്‍വേലിയും വരും. 10.5 കിലോമീറ്ററില്‍ മതിലും മൂന്ന് കിലോമീറ്ററില്‍ റെയില്‍വേലിയും പൂര്‍ത്തിയാവുന്നതോടെ കാട്ടാനശല്യത്തിന് അല്പം ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍