ഇരിട്ടി: സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതരിയുന്ന ആറളം ഫാമിന് സര്‍ക്കാരിന്റെ താത്കാലിക കൈത്താങ്ങ്. മൂന്നുമാസമായി മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ശമ്ബളവും തൊഴിലാളികളുടെ കൂലിയും വിരമിച്ച ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും അനുവദിക്കുന്നതിന് നാലുകോടി രൂപ അടിയന്തരസഹായം അനുവദിച്ചു. ആറളം ഫാമിങ് കോര്‍പ്പറേഷന്റെ കോര്‍പ്പസ് ഫണ്ടില്‍നിന്നാണിത്.

വേതന കുടിശ്ശിക അനുവദിക്കുന്നതിന് 92 ലക്ഷം, ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള ഗ്രാറ്റ്വിവിറ്റി കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിന് 1.41 കോടി, ഇ.പി.എഫ്. കുടിശ്ശിക അടയ്ക്കുന്നതിന് 3.6 ലക്ഷം, പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്കുള്ള ഇടക്കാലാശ്വാസ കുടിശ്ശിക നല്‍കാന്‍ 4.36 ലക്ഷം, ഇ.പി.എഫ്. തൊഴിലുടമ വിഹിതം കുടിശ്ശിക നല്‍കാന്‍ 32 ലക്ഷം, ആര്‍ജിത അവധി സറണ്ടര്‍ കുടിശ്ശിക നല്‍കാന്‍ ഒന്‍പത് ലക്ഷം, തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്ബളം, വേതനം എന്നിവയില്‍നിന്ന് കുറവുചെയ്ത എല്‍.ഐ.സി., സൊസൈറ്റി എന്നീ സ്ഥാപനങ്ങളുടെ കുടിശ്ശിക തീര്‍ക്കാന്‍ 85.39 ലക്ഷം, ക്ഷാമബത്ത, ഇന്‍ക്രിമെന്റ് കുടിശ്ശിക നല്‍കാന്‍ 29.50 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.

കാര്‍ഷികമേഖലയില്‍നിന്നുള്ള വരുമാനം കുറഞ്ഞതോടെയാണ് ഫാം പ്രതിസന്ധിയിലായത്. കഴിഞ്ഞതവണ കശുവണ്ടി ഉത്പാദനം മൂന്നിലൊന്നായി കുറഞ്ഞിരുന്നു. കുരങ്ങിന്റെയും കാട്ടാനയുടെയും ശല്യംകാരണം തേങ്ങയില്‍നിന്നുള്ള വരുമാനത്തിലും 70 ശതമാനത്തോളം കുറവാണുണ്ടായത്.

കീഴ്‌വഴക്കമായി കരുതരുതെന്ന മുന്നറിയിപ്പ്

പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരില്‍നിന്ന് സാമ്ബത്തികസഹായം അനുവദിച്ചത് ഭാവിയില്‍ കീഴ്‌വഴക്കമായി പരിഗണിക്കില്ലെന്ന മുന്നറിയിപ്പോടെയാണ്. ഇതൊരു കീഴ്‌വഴക്കമായി കാണേണ്ടെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ശമ്ബളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമുള്ള പണം ഫാമില്‍നിന്നുതന്നെ കണ്ടെത്തണമെന്നായിരുന്നു ഫാമിലെ താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുമ്ബോള്‍ ഉണ്ടാക്കിയ ധാരണ. താത്കാലിക തൊഴിലാളികളായിരുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള 112 പേരെയാണ് സ്ഥിരപ്പെടുത്തിയത്. ജീവനക്കാരും തൊഴിലാളികളുമായി ഇപ്പോഴുള്ള 402 പേരില്‍ 270 പേര്‍ ആദിവാസികളാണ്. ആദിവാസികള്‍ക്കുകൂടി വേതനം മുടങ്ങിയതോടെയാണ് സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ടത്. ഇപ്പോഴത്തെ സഹായം താത്കാലികാശ്വാസംമാത്രമാണ്. കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും വന്യമൃഗശല്യവും ഫാമിന്റെ നട്ടെല്ല് തകര്‍ത്തിരിക്കുകയാണ്.