കണ്ണൂര്‍: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും കഫേശ്രീയുടെ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ഇടവേളകളില്‍ വിദ്യാര്‍ഥികള്‍ ചായകുടിക്കാനും മറ്റുമായി പുറത്തുപോകുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. ഇത്തരം ഇടവേളകളിലാണ് മയക്കുമരുന്ന് മാഫിയ കുട്ടികളെ വലയിലാക്കുന്നതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് കുടുംബശ്രീയുമായി ചര്‍ച്ചനടത്തും.
എല്ലാ സ്കൂളിലും സോളാര്‍ പാനല്‍, സി.സി.ടി.വി. ക്യാമറകള്‍, ഫോട്ടോസ്റ്റാറ്റ് യന്ത്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്ന പദ്ധതി മാര്‍ച്ച്‌ അവസാനത്തോടെ പൂര്‍ത്തിയാകും. 23 സ്കൂളുകളിലും ഒന്‍പത് ഘടകസ്ഥാപനങ്ങളിലുമാണ് ഇതിനോടകം സോളാര്‍ പാനല്‍ സ്ഥാപിച്ചത്. ബാക്കിയുള്ള സ്ഥാപനങ്ങളിലെ പണി പുരോഗമിക്കുകയാണ്. കെ.എസ്.ഇ.ബി.യുമായി സഹകരിച്ച്‌ നടത്തുന്ന പദ്ധതിയിലൂടെ സ്കൂളുകള്‍ക്ക് വലിയ സാമ്ബത്തികലാഭം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യോഗം വിലയിരുത്തി.

ചോദ്യപ്പേപ്പര്‍ വിതരണം ഓണ്‍ലൈനാക്കുന്നതിന്റെ ഭാഗമായാണ് സ്കൂളുകള്‍ക്ക് ഫോട്ടോസ്റ്റാറ്റ് യന്ത്രങ്ങള്‍ നല്‍കുന്നത്. സാമൂഹവിരുദ്ധരുടെ ആക്രമണം തടയുക, കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ 23 സ്കൂളുകളിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ജില്ലയിലെ 73 സര്‍ക്കാര്‍ സ്കൂളുകളിലാണ് പദ്ധതികള്‍ നടപ്പാക്കുക.

സ്കൂളുകളിലെ ശൗചാലയ ശുചിത്വവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് അവലോകനംചെയ്യുന്നതിന് 25-ന് യോഗംചേരാനും തീരുമാനിച്ചു. സ്കൂളുകളില്‍ നടപ്പാക്കുന്ന ബി പോസിറ്റീവ് പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ഇതിനായി ഡി.ഡി.ഇ.യുടെ നേതൃത്വത്തില്‍ എല്ലാമാസവും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ രണ്ടുതവണയും സ്കൂളുകളില്‍ യോഗംചേര്‍ന്ന് പുരോഗതി വിലയിരുത്തണമെന്നും യോഗം നിര്‍ദേശിച്ചു.

കൗണ്‍സലിങ് കേന്ദ്രങ്ങളും തുടങ്ങും

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയിലുള്‍പ്പെടുത്തി എല്ലാ സ്കൂളിലും ആധുനിക സൗകര്യങ്ങളോടെയുള്ള കൗണ്‍സലിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും മുന്നില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ വിശദീകരിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാകുന്നില്ലെന്നും ഇതിനായി പ്രത്യേക സൗകര്യമൊരുക്കണമെന്നുമുള്ള കൗണ്‍സലര്‍മാരുടെ ആവശ്യത്തെത്തുടര്‍ന്നാണ് തീരുമാനം. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 24 സ്കൂളുകളിലാകും പദ്ധതി നടപ്പാക്കുക. തുടര്‍ന്ന് എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കും.