കണ്ണൂര്‍: ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സന്നദ്ധസംഘടനകളെ ഉള്‍പ്പെടുത്തി ജില്ലാതല ഇന്റര്‍ ഏജന്‍സി കോ ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് രൂപവത്കരിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, സ്ഫിയര്‍ ഇന്ത്യ എന്നിവയുടെ നേതൃത്വത്തിലാണ് 11 അംഗ കമ്മിറ്റി രൂപവത്കരിച്ചത്. പ്രളയംപോലുള്ള പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണിത്.

ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ സന്നദ്ധസംഘടനകളെയും ഉള്‍പ്പെടുത്തി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും ഉണ്ടാക്കും. ജില്ലാ ദുരന്തനിവാരണ ആസൂത്രണരേഖ പുനര്‍നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്നിന് രാവിലെ 10.30-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മുഴുവന്‍ സന്നദ്ധസംഘടനകളുടെയും യോഗം ചേരും. അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി, സ്ഫിയര്‍ ഇന്ത്യ എന്നിവയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 21-ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ബോധവത്കരണ പ്രചാരണ സ്കിറ്റും നടത്തും. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്ബോള്‍ അപകടങ്ങളുടെ തോത് കുറയ്ക്കുന്നതിനായി ദുരന്ത മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കുന്നതിന്റെയും എമര്‍ജന്‍സി കിറ്റുകള്‍ ഒരുക്കിവെക്കുന്നതിന്റെയും പ്രാധാന്യം ജനങ്ങളിലെത്തിക്കാനാണിത്. ജി.വി.എച്ച്‌.എസ്.എസ്. കണ്ണൂര്‍ (ഉച്ചയ്ക്ക് 12.30), പയ്യാമ്ബലം ബീച്ച്‌ (4.30), നാറാത്ത് കാക്കത്തുരുത്തി (വൈകീട്ട് ആറുമണി) എന്നിവിടങ്ങളിലാണ് പരിപാടി.

യോഗത്തില്‍ കളക്ടര്‍ ടി.വി.സുഭാഷ് അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ വി.വിശാലാക്ഷി, അഭിജ ജഗദീഷ്, വിഷ്ണു വിജയന്‍, എസ്.പ്രവീണ്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.