ഇരിട്ടി: ഇരിട്ടി-വിരാജ്‌പേട്ട അന്തസ്സംസ്ഥാന പാതയില്‍ മാക്കൂട്ടം-ചുരം റോഡില്‍ വര്‍ധിച്ചുവരുന്ന അപകടം ഒഴിവാക്കാന്‍ ശാസ്ത്രീയ സിഗ്നല്‍ സംവിധാനങ്ങളില്ല. അന്തസ്സംസ്ഥാനപാത അപകടപാതയായി മാറുമ്ബോഴും സുരക്ഷിത യാത്രയ്ക്കുള്ള സംവിധാനത്തെക്കുറിച്ച്‌ അധികൃതര്‍ അലംഭാവം തുടരുകയാണ്. വ്യാഴാഴ്ച ചുരം റോഡിലെ കുട്ടപ്പാലം വളവില്‍ നിയന്ത്രണം വിട്ട് കാര്‍ കുഴിയിലേക്ക് മറിഞ്ഞുള്ള അപകടത്തില്‍ നാലുപേര്‍ക്കാണ് പരിക്കേറ്റത്.

അപകടത്തില്‍പ്പെടുന്നവരെ ഉടന്‍ രക്ഷിക്കുന്നതിനുള്ള സംവിധാനം ഇല്ലാത്തതാണ് വലിയ പ്രതിസന്ധി. കിലോമീറ്ററുകള്‍ അകലെയുള്ള ഇരിട്ടിയില്‍നിന്നോ വിരാജ്‌പേട്ടയില്‍ നിന്നോ വേണം രക്ഷാ സംവിധാനങ്ങള്‍ എത്താന്‍. ഇത് മണിക്കൂറുകളോളം എടുക്കും. ഇത് അപകടത്തിന്റെ തീവ്രതകൂട്ടുന്നു.

ചുരത്തില്‍ അപകടത്തില്‍പ്പെടുന്നതിലധികവും മലയാളികള്‍ സഞ്ചരിക്കുന്ന വാഹനങ്ങളാണ്. അശ്രദ്ധമായി വാഹനം ഓടിക്കുന്നതും ചുരം റോഡിലെ ഡ്രൈവിങ്‌ പരിചയക്കുറവുമാണ് അപകടത്തിന് കാരണം. കഴിഞ്ഞ മുന്നുവര്‍ഷത്തിനുള്ളില്‍ പത്തോളം ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്.

നൂറോളം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് ഒട്ടേറെപ്പേര്‍ക്ക് പരിക്കും പറ്റി. കൂട്ടുപുഴ മുതല്‍ പെരുമ്ബാടി വരെ ഇരുപത്തഞ്ചോളം കൊടുംവളവുകളാണ് ഉള്ളത്. വാഹനത്തിന് മുകളിലേക്ക്്്്്്്്്്്്് മരം കടപുഴകിവീണുള്ള അപകടങ്ങളും മരണങ്ങളും നിരവധി ഉണ്ടായിട്ടുണ്ട്്. കുടകിലെ സൗന്ദര്യം ആസ്വദിക്കുന്നതിന് സഞ്ചാരികളായി എത്തുന്ന മലയാളികളാണ് അപകടത്തില്‍പ്പെടുന്നതില്‍ 90 ശതമാനവും. അപകടത്തില്‍പ്പെട്ടാല്‍ പലപ്പോഴും മണിക്കൂറുകള്‍ക്കുശേഷമാണ് രക്ഷാപ്രവര്‍ത്തനം നടക്കുക.

റോഡില്‍ വഴിവിളക്കുകളില്ലാത്തതും രാത്രികാല രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ചൂരം റോഡില്‍ അപകട അടയാളങ്ങള്‍ കുടുതലായി സ്ഥാപിക്കുകയും കുടുതല്‍ ബോധവത്കരണം നടത്തുകയും ചെയ്യണം. പക്ഷേ, ഇത് ചെയ്യേണ്ടത് കര്‍ണാടക സര്‍ക്കാരാണ്. ഇരുസംസ്ഥാനങ്ങള്‍ക്കും ഏറെ വരുമാനം ഉണ്ടാക്കുന്ന ചുരം റോഡിലെ യാത്ര സുരക്ഷിതമാക്കുന്നതിന് ഇരുസംസ്ഥാനവും ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമാവുകയാണ്.