മഴക്ക് ശമനമില്ല: ദുരിതപർവ്വം താണ്ടി കർഷകരും, തൊഴിലാളികളും, വ്യാപാരികളും


കേളകം :മാസങ്ങളായി തുടരുന്ന കനത്ത മഴയിൽ മലയോര ജനത കടുത്ത ദുരിതത്തിൽ. കർഷകരും ,കർഷക തൊഴിലാളികളും പട്ടിണിയുടെ വക്കിലായി. കൃഷിയിടങ്ങളിൽ തൊഴിൽ നിലച്ചത് കർഷക തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയപ്പോൾ കനത്ത മഴയിൽ വരുമാനം നിലച്ചതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. ഇത് മൂലമുണ്ടായ, സാമ്പത്തിക പ്രതിസന്ധി വ്യാപാര മേഖലക്കും കനത്ത തിരിച്ചടിയായി. സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാൻ വായ്പ തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണെല്ലാവരും.ഇതിനിടെ നിർമ്മാണ മേഖലയും കടുത്ത പ്രതിസന്ധി നേരിട്ടത് മേഖലയിലെ തൊഴിലാളി കൾക്കും തിരിച്ചടിയായി. കരിങ്കൽ – ചെങ്കൽ ക്വാറികൾ മാസങ്ങളായി പ്രവർത്തനം നിർത്തിവെച്ചതും അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നൂറ് കണക്കിനാളുകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. തൊഴിൽ നിലച്ചതോടെ നൂറ് കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിയിട്ടുണ്ട്.പ്രതിസന്ധി മൂലം ദുരിതത്തിന്റെ നടുത്തളത്തിലാണ് ജനം.