കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്‌ ലിമിറ്റഡിന്റെ പ്രവർത്തന നഷ്ടം ഗണ്യമായി കുറഞ്ഞു

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്‌ ലിമിറ്റഡിന്റെ പ്രവർത്തന നഷ്ടം ഗണ്യമായി കുറഞ്ഞു
2018-19 സാമ്പത്തിക വർഷത്തിലെ ആഡിറ്റ് ചെയ്ത കണക്കു പ്രകാരം കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്‌ ലിമിറ്റഡിന്റെ പ്രവർത്തന നഷ്ടം 290 കോടിയായി കുറഞ്ഞു. 2016-17 സാമ്പത്തിക വർഷത്തിൽ 1458 കോടിയായിരുന്ന പ്രവർത്തന നഷ്ടം 2017-18 ആയപ്പോൾ 745 കോടിയായും തുടർന്ന് 2018-19ൽ 290 കോടിയായും കുറയുകയുമാണ് ഉണ്ടായത്.
കടുത്ത സാമ്പത്തിക അച്ചടക്ക നടപടികൾ കൈകൊണ്ടും ചിലവുകൾ നിയന്ത്രിച്ചും വൈദ്യുതികുടിശിക കാര്യക്ഷമമായി പിരിച്ചെടുത്തും ഏറ്റവും ആദായകരമായ നിരക്കിൽ വൈദ്യുതി വാങ്ങിയുമാണ് ഈ നേട്ടം കൈവരിക്കുവാൻ ആയത്.

2018 ലെ പ്രളയം മൂലം ഏകദേശം 900 കോടി രൂപയുടെ അധിക ചിലവ് ഉണ്ടായിരുന്നിട്ടുകൂടി ഈ നേട്ടം കൈവരിക്കാനായത് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്‌ ലിമിറ്റഡിലെ ജീവനക്കാരുടേയും ഓഫിസർമാരുടെയും മാനേജ്മെന്റിന്റെയും കൂട്ടായതും കാര്യക്ഷമവുമായ പ്രവർത്തനത്തിലൂടെയാണ്. ഈ നേട്ടം കൈവരിച്ചതിന് എല്ലാ വിഭാഗം ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്‌ ലിമിറ്റഡ് ചെയർമാൻ ആൻഡ് മാനേജിങ്‌ ഡയറക്ടർ ശ്രീ എൻ എസ് പിള്ള കൃതജ്ഞത അറിയിച്ചു.

അപ്രതീക്ഷിതമായ പ്രകൃതിദുരന്തങ്ങളിൽ നിന്ന് ഭാവിയിൽ നഷ്ടങ്ങൾ ഉണ്ടാകാത്ത പക്ഷം 2019-20 സാമ്പത്തിക വർഷത്തിൽ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്‌ ലിമിറ്റഡിന് ചെറിയ തോതിലെങ്കിലും ലാഭം ഉണ്ടാക്കാൻ കഴിയുമെന്ന് ചെയർമാൻ ആൻഡ് മാനേജിങ്‌ ഡയറക്ടർ ശ്രീ എൻ എസ് പിള്ള പ്രത്യാശ പ്രകടിപ്പിച്ചു