മഴക്ക് നേരിയ ശമനം; റെഡ് അലര്‍ട്ട് പിന്‍വലിച്ചു

ഇന്നലെ കനത്ത മഴയിൽ മണ്ണിടിഞ്ഞും പാളങ്ങളിൽ വെളളം കയറിയും തടസപ്പെട്ട ട്രയിൻ ഗതാഗതം ഇന്ന് പുനഃസ്ഥാപിച്ചേക്കും


സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇടുക്കി ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്,വയനാട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഇന്നലെ കനത്ത മഴയിൽ മണ്ണിടിഞ്ഞും പാളങ്ങളിൽ വെളളം കയറിയും തടസപ്പെട്ട ട്രയിൻ ഗതാഗതം ഇന്ന് പുനഃസ്ഥാപിച്ചേക്കും .

കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി, ബാംഗ്ലൂര്‍ - എറണാകുളം എക്സ്പ്രസ് ട്രെയിനുകളും തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. കലൂർ സബ്സ്റ്റേഷനിൽ നിന്നുളള വൈദ്യുതി വിതരണം ഇന്ന് പുനഃസ്ഥാപിക്കുമെന്നും റെയിൽവേ അറിയിച്ചു. സംസ്ഥാനത്ത് 20 ദുരിതാശ്വാസ ക്യാമ്പുകളിലായി 30506 പേരാണുള്ളത്.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങും. തുടര്‍ന്ന് ഇരുപത്തിനാലാം തിയതിയോടെ ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്കാകും സഞ്ചരിക്കുക.

ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനാല്‍ ഇന്നും പലയിടങ്ങളിലും 20 സെന്റിമീറ്ററില്‍ കൂടുതല്‍ മഴയുണ്ടാകും. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. ഇന്നലെ എറണാകുളം സൌത്തിലാണ് ഏറ്റവുമധികം മഴ രേഖപ്പെടത്തിയത്. 20 സെന്റിമീറ്റര്‍. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മൂന്ന് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.