വയനാട്ടില്‍ 26 ശതമാനം പ്രദേശത്തും ഉരുള്‍പൊട്ടല്‍ ഭീഷണിയെന്ന് പഠനം


സുല്‍ത്താന്‍ബത്തേരി: വയനാട് ജില്ലയുടെ 25.97 ശതമാനം പ്രദേശവും ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതെന്ന് പഠന റിപ്പോര്‍ട്ട്. ഇതില്‍ 7.98 ശതമാനം അതി ഭീഷണിയും 17.99 ശതമാനം ഭീഷണിയും നേരിടുന്നതായ പ്രദേശങ്ങളാണ്. മേപ്പാടി, വൈത്തിരി, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് പഞ്ചായത്തുകളുടെ 70 ശതമാനവും തവിഞ്ഞാല്‍, തിരുനെല്ലി പഞ്ചായത്തുകളുടെ 50 ശതമാനവും അതിഭീഷണിയോ ഭീഷണിയോ നേരിടുന്ന പ്രദേശങ്ങളാണ്.

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ ജവാഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
2018-ലെ പ്രളയം പരിസ്ഥിതിവ്യവസ്ഥയിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ചുള്ള ഹ്രസ്വകാല പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. 2018 ഡിസംബര്‍ മുതല്‍ 2019 മാര്‍ച്ച്‌ വരെയായിരുന്നു പഠനകാലയളവ്.

ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന സുഗന്ധഗിരി, 50 ഏക്കര്‍ ഭാഗത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുകയോ അവിടെ നിര്‍മാണം അനുവദിക്കാതിരിക്കുകയോ ചെയ്യണമെന്നും തിരുനെല്ലി, തവിഞ്ഞാല്‍, തരിയോട്, പൊഴുതന, വൈത്തിരി, മേപ്പാടി പഞ്ചായത്തുകളില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താതെ ഭൂതലത്തില്‍ മാറ്റങ്ങളുണ്ടാക്കരുതെന്നും പഠന റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

ജൈവസമ്ബത്തിന് കനത്ത ആഘാതം

ഫൈറ്റോ സോഷ്യോളജിക്കല്‍ മെത്തേഡ് ഉപയോഗിച്ച്‌ നടത്തിയ പഠനത്തില്‍ പുഷ്പിത സസ്യങ്ങളിലെ 376 ഇനങ്ങളും പന്നല്‍ചെടി വിഭാഗത്തില്‍പ്പെട്ട 21 ഇനങ്ങളും നശിച്ചതായി കണ്ടെത്തി. ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന പുഷ്പിത സസ്യങ്ങളിലെ 81 ഇനങ്ങളും പന്നല്‍ ചെടിവിഭാഗത്തില്‍പ്പെട്ട നാല് ഇനങ്ങളും നശിച്ചവയുടെ കൂട്ടത്തിലുണ്ട്. ഗുരുതരമായി വംശനാശ ഭീഷണി നേരിടുന്ന വെള്ളക്കുന്തിരിക്ക (വെള്ളപ്പൈന്‍)മാണ് ഏറ്റവും കൂടുതല്‍ നശിച്ചുപോയത്.

ചുവന്ന അകില്‍, കരിനീലി, ചോരക്കാളി, തെള്ളിപ്പയിന്‍, വഴന, രുദ്രാക്ഷം, വെണ്ടേക്ക്, വട്ട, എടന, ചോപ്പാല, ചീരാലം, പൂവം, കമ്ബിളിവെട്ടി, പൊടിപാറി തുടങ്ങി ഭീഷണി നേരിടുന്ന മരങ്ങളും നശിച്ചുപോയിട്ടുണ്ട്. കാലവര്‍ഷത്തിലുണ്ടായ മാറ്റങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചെടികള്‍ പുഷ്പിക്കുന്ന കാലഘട്ടത്തിലും വ്യത്യാസങ്ങളുണ്ടാക്കിയിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് തണല്‍വൃക്ഷങ്ങള്‍ നശിച്ചുണ്ടാകുന്ന തുറസ്സായ പ്രദേശങ്ങളില്‍ അധിനിവേശ സസ്യങ്ങള്‍ അതിവേഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത വര്‍ധിക്കുന്നുണ്ട്.

2018-ല്‍ 242 മണ്ണിടിച്ചില്‍-ഉരുള്‍പൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വനത്തില്‍മാത്രം 60 വലിയ ഉരുള്‍പൊട്ടലും 56 ചെറിയ ഉരുള്‍പൊട്ടലും ഉണ്ടായി. ഇതുവഴി 50 ഹെക്ടര്‍ വനം നശിച്ചു. കുരിശുകുത്തി, മണിയന്‍കുന്ന്, കമ്ബമല, മുത്തുമാരി തുടങ്ങിയ നിത്യഹരിത പ്രദേശങ്ങളിലുണ്ടായ നാശങ്ങള്‍ അവിടത്തെ സൂക്ഷ്മ ആവാസ വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്.

മഴയില്‍ വലിയ വ്യത്യാസം

അതിശക്തമായി പെയ്ത മഴയാണ് 2018-ല്‍ ജില്ലയില്‍ പ്രളയത്തിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായത്. 2018 മേയ് മുതല്‍ ഓഗസ്റ്റ് വരെയാണ് ജില്ലയില്‍ അതിശക്തമായ മഴയുണ്ടായത്. 2018 മേയില്‍ 2017-നെക്കാള്‍ 33 ശതമാനവും 2016-നെക്കാള്‍ 92 ശതമാനവും മഴ കൂടുതലായിരുന്നു. 2018 ജൂണില്‍ 2017 നേക്കാള്‍ 126 ശതമാനവും 2016-നെക്കാള്‍ 59 ശതമാനവും മഴ കൂടുതലായിരുന്നു. 2018 ജൂലായില്‍ 2017-2016-നെക്കാള്‍ 160 ശതമാനം മഴ കൂടുതലായിരുന്നു. 2018 ഓഗസ്റ്റില്‍ 2017-നെക്കാള്‍ 142 ശതമാനവും 2016-നെക്കാള്‍ 263 ശതമാനവും മഴ കൂടുതലായിരുന്നു.