കമ്യൂണിസ്റ്റ് പാര്‍ട്ടി നൂറാം വാര്‍ഷികാഘോഷത്തിന് ഉജ്വല തുടക്കം


തലശ്ശേരി: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷത്തിന് തലശ്ശേരിയില്‍ പ്രൗഡഗംഭീരമായ തുടക്കം. സ്വാതന്ത്ര്യസമര പോരാളിയും സി.പി.എമ്മിന്റെ പ്രഥമ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി.എച്ച്‌. കണാരന്റെ ഓര്‍മപുതുക്കുന്ന ദിനത്തിലാണ് നൂറാം വാര്‍ഷികാഘോഷത്തിന് തുടക്കമായത്. സി.എച്ചിനുള്ള ആദരംകൂടിയായി തലശ്ശേരിയില്‍ ഞായറാഴ്ച നടന്ന സെമിനാര്‍. സി.എച്ചിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷമാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനത്തിനെത്തിയത്. പ്രമുഖ നേതാക്കള്‍ പങ്കെടുത്ത സെമിനാറില്‍ ധനമന്ത്രി തോമസ്‌ ഐസക്, ഡോ. കെ.എന്‍.ഗണേഷ് എന്നിവര്‍ വിവിധ വിഷയത്തില്‍ സംസാരിച്ചു.

പാട്യം ഗോപാലന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രവും സി.പി.എം. തലശ്ശേരി എരിയാ കമ്മിറ്റിയുമാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വൊളന്റിയര്‍ മാര്‍ച്ചിനും ബഹുജന പ്രകടനത്തിനും ശേഷം നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. ചാറ്റല്‍മഴയെ വകവെയ്ക്കാതെ ആയിരങ്ങളാണ് പൊതുസമ്മേളനത്തിനെത്തിയത്.