ഷിംജിത്തിന്റെ തോട്ടം കാണാനെത്തിയത്‌ 20 അംഗ വിദേശവിദ്യാര്‍ഥി സംഘം


ഇരിട്ടി: 'ഞാന്‍ ഒരു കിളിയെ വളര്‍ത്തി, അത് പറന്നുപോയി. ഞാന്‍ ഒരു അണ്ണാനെ വളര്‍ത്തി, അത് ഓടിപ്പോയി. ഒടുവില്‍ ഞാനൊരു മരംനട്ടു. അണ്ണാനും കിളിയും തിരികെ വന്നു...'.
തില്ലങ്കേരിയിലെ ജൈവകര്‍ഷകന്‍ ഷിംജിത്തിന്റെ ഔഷധത്തോട്ടത്തിലും ജൈവകൃഷിയിടങ്ങളിലും അണ്ണാനും കിളികളും മാത്രമല്ല പഠിതാക്കളായി വിദേശത്തുനിന്നുള്ള വിദ്യാര്‍ഥികളും എത്തുന്നു. സംസ്ഥാനത്തെ മികച്ച ജൈവകര്‍ഷകനുള്ള ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ ഷിംജിത്തിന്റെ തോട്ടത്തില്‍ ഞായറാഴ്ച ഏഴ് രാഷ്ട്രങ്ങളില്‍നിന്നുള്ള ഇരുപതോളം വിദ്യാര്‍ഥികളാണ് എത്തിയത്. ആയുര്‍വേദത്തെക്കുറിച്ചുള്ള മൂന്നുമാസത്തെ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. മാഹിയില്‍ ഉഴിച്ചില്‍ ചികിത്സയെപ്പറ്റി പഠിക്കാനെത്തിയ സംഘം ഷിംജിത്തിന്റെ ജൈവകൃഷിയിടത്തെക്കുറിച്ച്‌ അറിഞ്ഞ് എത്തുകയായിരുന്നു. രണ്ട് മണിക്കൂര്‍ നേരം തോട്ടത്തില്‍ ചെലവഴിച്ച സംഘം ഓരോ ചെടികളുടെ ഔഷധപ്രാധ്യാന്യവും ശാസ്ത്രീയനാമങ്ങളും കുറിച്ചെടുത്തു.

അമേരിക്ക, മെക്സിക്കോ, സ്പെയില്‍, ബ്രസീല്‍, ഓസ്ട്രേലിയ, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവടങ്ങിലെ വിദ്യാര്‍ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. അമേരിക്കക്കാരി കരീനയ്ക്കും ബെല്‍ജിയംകാരി ഏലിയാസിനും മെക്സിക്കോ സ്വദേശി കാര്‍ലോസിനുമെല്ലാം തോട്ടത്തെക്കുറിച്ച്‌ ഒരേ അഭിപ്രായം അതിമനോഹരം...

500-ല്‍പ്പരം ഔഷധസസ്യങ്ങളാണ് ഷിംജിത്തിന്റെ കൃഷിയിടത്തില്‍ ഉള്ളത്. കൂടാതെ അപൂര്‍വയിനം നെല്‍വിത്തുകളും കൃഷിചെയ്യുന്നുണ്ട്. ഔഷധസസ്യങ്ങള്‍ക്കൊപ്പം മുയല്‍, ആട്, പശു, മീന്‍വളര്‍ത്തല്‍ എന്നിവ വിജയകരമായി നടത്തുന്നുണ്ട്. കഴിഞ്ഞദിവസം തില്ലങ്കേരിയില്‍ എത്തിയ കൃഷിമന്ത്രി സുനില്‍കുമാര്‍ മണിക്കൂറുകളോളമാണ് ഷിംജിത്തിന്റെ കൃഷിയിടത്തില്‍ ചെലവഴിച്ചത്. ജൈവകൃഷി രീതികളെക്കുറിച്ച്‌ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഒരുപദ്ധതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഷിംജിത്ത് പറഞ്ഞു.