ചൂതുപാറയിലും കാട്ടാനകളെത്തി; മാനികാവ് ക്ഷേത്രപരിസരത്ത് ഭീതിപരത്തി കൊമ്പൻമാർ

മാനികാവ്: കഴിഞ്ഞ ദിവസം കമ്ബളക്കാട്ടെ ജനവാസമേഖലയില്‍ ഭീതിപരത്തിയ കാട്ടാനകള്‍ ഞായറാഴ്ച ചൂതുപാറയിലുമെത്തി. മീനങ്ങാടി പഞ്ചായത്തിലെ ചൂതുപാറയിലെ മാനികാവ് ശിവക്ഷേത്രപരിസരത്താണ് ഒരുപകല്‍ മുഴുവനും കാട്ടാനകള്‍ തമ്ബടിച്ചത്. പ്രദേശത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വൈകിട്ടോടെ കുങ്കിയാനകളെ എത്തിച്ച്‌ കാട്ടാനകളെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഞായറാഴ്ച രാത്രി വൈകിയും സാധിച്ചിട്ടില്ല. ആന ഏഴുമണിയോടെ കേളമംഗലം ഭാഗത്തേക്ക് കടന്നു. കഴിഞ്ഞ നാലുദിവസമായി കാട്ടാനകള്‍ ജനവാസമേഖലകളില്‍ വിഹരിക്കുമ്ബോഴും ഫലപ്രദമായ നടപടികളെടുക്കാന്‍ വനംവകുപ്പിന് സാധിച്ചിട്ടില്ല.
ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് രണ്ടുകാട്ടാനകള്‍ മാനികാവ് ശിവക്ഷേത്രപരിസരത്ത് എത്തിയത്. തുടര്‍ന്ന് ക്ഷേത്രത്തോട് ചേര്‍ന്നുള്ള ദേവസ്വംബോര്‍ഡിന് കീഴിലുള്ള വനഭൂമിയില്‍ നിലയുറപ്പിക്കുകയായിരുന്നു. കേണിച്ചിറയ്‌ക്കടുത്ത് വനപാലകനെ ആക്രമിച്ച ആനയും മറ്റൊരു ചുള്ളിക്കൊമ്ബനുമാണ് ചൂതുപാറയിലും പരിഭ്രാന്തി പരത്തിയത്. ഇതേ ആനകളാണ് ശനിയാഴ്ച 15 കിലോമീറ്ററോളം സഞ്ചരിച്ച്‌ കണിയാമ്ബറ്റ പഞ്ചായത്തിലെ ചിറ്റൂര്‍ ആദിവാസിക്കോളനിയിലും കല്ലഞ്ചിറയിലെ തൂക്കുപാലത്തിന് സമീപമുള്ള സ്വകാര്യത്തോട്ടങ്ങളിലും നിലയുറപ്പിച്ചിരുന്നത്.
പാതിരി സൗത്ത് സെക്‌ഷനിലെ വനാതിര്‍ത്തിയും കടന്ന് കേണിച്ചിറ കടന്ന് പൂതാടി പഞ്ചായത്തിലെ വരദൂര്‍ പൊന്നങ്കര വഴി എത്തിയ ആനകള്‍ കല്ലഞ്ചിറപ്പുഴ കടന്നായിരുന്നു കമ്ബളക്കാട്ടെത്തിയത്. തുടര്‍ന്ന് നീണ്ട പരിശ്രമത്തിനൊടുവില്‍ വൈകുന്നേരം ഏഴുമണിയോടെ ആനകളെ തുരത്തിയെന്ന് വനപാലകരും പോലീസും പറഞ്ഞെങ്കിലും രാത്രിയില്‍ ആനകള്‍ കരണിഭാഗങ്ങളില്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കരണിയിലെ പണിക്കര്‍ പടിക്കടുത്ത് ആനകളുടെ കാല്‍പ്പാടുകള്‍ കണ്ടിട്ടുണ്ട്. ഇതുവഴിയാണ് കൊമ്ബനാനകള്‍ ചൂതുപാറയിലേക്ക് എത്തിയത്. കല്ലഞ്ചിറയില്‍നിന്ന്‌ തുരത്തിയ ആനകള്‍ പണിക്കര്‍ പടിയില്‍നിന്ന്‌ കണ്ണമ്ബറ്റ വയലിലൂടെ അരിമുളയിലും അവിടെനിന്ന്‌ പൊങ്ങിണിതൊടിയും പുറക്കാടിപ്പുഴയും കടന്നാണ് ചൂതുപാറയില്‍ എത്തിച്ചേര്‍ന്നത്.
മാനികാവ് ക്ഷേത്രനട തുറന്ന ഉടനെയാണ് ആനകള്‍ ചൂതുപാറയിലാണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് പരിഭ്രാന്തിയിലായ നാട്ടുകാര്‍ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. 11 മണിയോടെ ചെതലയം, കല്പറ്റ, മേപ്പാടി, ബത്തേരി, പുല്പള്ളി തുടങ്ങിയ ഫോറസ്റ്റ് റേഞ്ചിലെ ഉന്നത ഉദ്യോഗസ്ഥരും മീനങ്ങാടി പോലീസും സ്ഥലത്തെത്തി ആനയെ തുരത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 12 മണിയോടെ ഡി.എഫ്.ഒ രഞ്‌ജിത്ത് കുമാര്‍ സ്ഥലത്തെത്തി സമീപത്തെ മരിയനാട് വനത്തിലേക്ക് ആനകളെ കയറ്റുന്നതിനായി തുരത്തല്‍ ഊര്‍ജിതമാക്കി. ക്ഷേത്രപരിസരത്ത് എത്തുന്ന ഭക്തജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചൂതുപാറയിലും മാനികാവിലും പരിസരപ്രദേശങ്ങളിലും ജാഗ്രതാനിര്‍ദേശം നല്‍കുകയും, ചൂതുപാറ- പാലക്കമൂല റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. പടക്കംപൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനകളെ തുരത്തിയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് വൈകുന്നേരം 3.30 ഓടെ മുത്തങ്ങയില്‍നിന്ന്‌ കുങ്കിയാനയെ എത്തിച്ചു. എന്നാല്‍ കുറെവൈകിയും കുങ്കിയാനയ്ക്കും കൊമ്ബന്‍മാരെ തുരത്താന്‍ ആയിട്ടില്ല.