എരുമേലിയിലെ നിർദിഷ്ട ശബരി വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് അടുത്തമാസം സ്ഥലപരിശോധന നടത്തും
സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുക, പ്രദേശത്തെ ഇതര സ്ഥലങ്ങൾ ഏറ്റെടുക്കേണ്ടിവരുമോ എന്നതിലെ സർവേ തുടങ്ങിയവ പരിശോധനയിൽ ഉൾപ്പെടും. ഹെലികോപ്ടറിൽ വ്യോമനിരീക്ഷണം ഉൾപ്പെടെ ഉടൻ പൂർത്തിയാക്കും.
പാരിസ്ഥിതിക പ്രശ്നമില്ല, വെള്ളപ്പൊക്കം ബാധിക്കില്ല, വെട്ടുകല്ല് കലർന്ന ബലവത്തായ സ്ഥലം എന്ന നിലയിലാണ് നിലവിൽ ലൂയിസ് ബർഗർ കന്പനി നടത്തിയ പ്രാഥമിക പഠനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. ബിലീവേഴ്സ് ചർച്ച് വക സ്ഥലം ഏറ്റെടുത്ത് നിലവിലുള്ള റബർ വെട്ടിമാറ്റിയാൽ റണ്‍വേ ഉൾപ്പെടെ നിർമാണത്തിന് രണ്ടു വർഷമേ വേണ്ടിവരൂ. 2022ൽ ഒന്നാംഘട്ടം പൂർത്തിയാക്കാമെന്നാണു വിലയിരുത്തൽ.
എരുമേലി, മണിമല പഞ്ചായത്തുകളിലായി വിസ്തൃതമായ ചെറുവള്ളി തോട്ടത്തിൽ മുന്‍പു നടത്തിയ സർവേ അനുസരിച്ച് കറിക്കാട്ടൂർ മുതൽ പ്ലാച്ചേരി വരെ മൂന്നു കിലോമീറ്റർ റണ്‍വേ ലഭിക്കുമെന്നതിനാൽ എത്ര വലിയ വിമാനങ്ങൾക്കും അനായാസം ലാൻഡിംഗും ടേക് ഓഫുമാകാം. നെടുന്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾക്കിടെ അര മണിക്കൂർ മാത്രമാണു വ്യോമദൂരം. മധുരയിലേക്ക് ഒരു മണിക്കൂർ ദൂരം.
പാലാ, കിടങ്ങൂർ, പൊൻകുന്നം, ചിറക്കടവ്, പഴയിടം വ്യോമപാതയിലൂടെ കറിക്കാട്ടൂരിൽ ലാൻഡിംഗും കറുകച്ചാൽ, വാഴൂർ റൂട്ടിൽ ടേക് ഓഫിനുമാണ് സൗകര്യം. ഇതിനായി 1200 ഏക്കർ സ്ഥലമേ വേണ്ടിവരു. തോട്ടം ഏറ്റെടുത്താൽ ശേഷിക്കുന്ന സ്ഥലം വാണിജ്യ സാധ്യതകൾക്ക് പ്രയോജനപ്പെടുത്താം. എരുമേലി, ശബരിമല തീർഥാടകർക്ക് ഏറെ സൗകര്യപ്രദമാണ് നിർദിഷ്ട എയർപോർട്ട്.
നിലവിൽ നെടുന്പാശേരി വിമാനത്താവളത്തിലെ 21 ശതമാനം യാത്രക്കാർ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലയിൽനിന്നുള്ളവരാണ്. ശബരി വിമാനത്താവളം വരുന്നതോടെ യാത്രാസൗകര്യം ഏറെ വർധിക്കും. എരുമേലിയിലേക്കുള്ള ദൂരം അഞ്ചു കിലോമീറ്റർ മാത്രം.
പുതുതായി പണിയുന്ന പൊൻകുന്നം-പുനലൂർ റോഡ് ഇതിനോടു ചേർന്നുപോകുന്നു. വിപുലീകരണ സാധ്യതയുള്ള നിരവധി റോഡുകൾ എരുമേലിയെ ബന്ധിക്കുന്നു. മൂന്നു കിലോമീറ്റർ മാറി മണിമലയാർ ഒഴുകുന്നതിനാൽ ജലക്ഷാമമുണ്ടാകില്ല. വാണിജ്യ കാർഷിക മേഖലയിലും സാധ്യതയേറെയാണ്.
0 Comments