കാന്‍സര്‍ പ്രതിരോധിക്കുന്ന മക്കോട്ട ദേവ അടക്കാത്തോട്ടിലെ പടിയക്കണ്ടത്തിൽ തോമസിന്റെ കൃഷിയിടത്തിലും വിളവെടുത്തു
കേളകം :കാന്‍സര്‍ പ്രതിരോധിക്കുന്ന മക്കോട്ട ദേവ അടക്കാത്തോട്ടിലെ പടിയക്കണ്ടത്തിൽ തോമസിന്റെ കൃഷിയിടത്തിലും വിളവെടുത്തു.മാനവരാശിയുടെ രക്ഷക്കായി സ്വര്‍ഗത്തില്‍ നിന്നു കൊണ്ടുവന്ന പഴം– അതാണ് മക്കോട്ട ദേവ എന്ന പേരിനര്‍ഥം. ഇന്തോനേഷ്യയിലേയും മലേഷ്യയിലേയും തനതു ഫലവര്‍ഗമായ മക്കോട്ടദേവയെ കേരളത്തില്‍ ഉത്പാദിപ്പിച്ചതിന്റെ ക്രെഡിറ്റ് കോട്ടയം സ്വദേശിക്കാണ്. അവിടെ നിന്നാണ് വിദേശ ഫലവൃക്ഷങ്ങളെ പ്രണയിക്കുന്ന തോമസ് മക്കോട്ട ദേവ യുടെ തൈ വാങ്ങി സ്വന്തം കൃഷിയിടത്തിൽ നട്ട് വളർത്തി വിളവെടുത്തത് .
ഒന്നുമുതല്‍ 18 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഉഷ്ണമേഖല ഫലവര്‍ഗമാണ് മക്കോട്ടദേവ. അലങ്കാര സസ്യമായും വളര്‍ത്താവുന്ന ഒന്നാണിത്. 10 മുതല്‍ 20 വര്‍ഷം വരെ ആയുസ്. പഴം ആദ്യം പച്ചനിറത്തിലും പഴുക്കുമ്പോള്‍ ചുവപ്പുകലര്‍ന്ന മജന്ത നിറത്തിലുമായിരിക്കും.കുരുവിനു ചെറിയ വിഷാംശവുമുണ്ട്. എന്നാല്‍ ഇതിന്റെ സത്ത് ട്യൂമറിനെതിരേ ഔഷധമായി ഉപയോഗിക്കുന്നു. പ്രമേഹരോഗികള്‍ ക്ഷീണം കുറക്കാന്‍, ഇതിന്റെ അരിഞ്ഞുണങ്ങിയ മാംസളഭാഗം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. ആന്റി ഓക്‌സിഡന്റായും ആന്റി വൈറല്‍, ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഏജന്റായും ഇതറിയപ്പെടുന്നു. പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഔഷധമെന്നപേരിലും പ്രശസ്തമാണ് മക്കോട്ട ദേവ. ഹൃദ്രോഗം, കാന്‍സര്‍ എന്നിവയുടെ ചികിത്സയിലും ഇതുപയോഗിക്കുന്നു. പലേറിയ മാക്രോകാര്‍പ എന്നാണ് ശാസ്ത്ര നാമം. ത്വക്കു രോഗങ്ങള്‍ക്കും ഔഷധമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, സ്‌ട്രോക്കുകള്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍, കിഡ്‌നി വീക്കം, യൂറിക്ക് ആസിഡ് പ്രശ്‌നങ്ങള്‍, ടോണ്‍സലൈറ്റിസ് തുടങ്ങി നിരവധി രോഗങ്ങള്‍ ശമിപ്പിക്കാന്‍ കഴിവുണ്ടിതിനെെന്നാണ് കണ്ടത്തൽ . മനുഷ്യശരീരത്തിന് ആവശ്യം വേണ്ട നാലു രാസപദാര്‍ഥങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ കുറച്ച് ഹൃദ്രോഗ സാധ്യത ലഘൂകരിക്കുന്ന ഫ്‌ളാവോനോയ്ഡ് ,ശരീരത്തില്‍ നിന്ന് വിഷാംശം നീക്കുന്ന ആല്‍ക്കലോയ്ഡ് , വൈറസിനേയും ബാക്ടീരിയയേയും തുരത്തുന്ന സപോനിന്, അലര്‍ജികള്‍ അകറ്റാന്‍ സഹായിക്കുന്നപോളിഫെനോള്‍ എന്നിവയാണിവ. എന്നാല്‍ ഗര്‍ഭിണികള്‍ ഇതുപയോഗിക്കാന്‍ പാടില്ല.
ചെടികൾ നട്ട് രണ്ടുവർഷത്തിനുള്ളിൽ കായ്ച്ചുതുടങ്ങുമെന്ന് തോമസ് പറഞ്ഞു. ഇത് പഴുത്തു കഴിഞ്ഞാൽ നേരിട്ട് കഴിക്കാറില്ല. ഇത് സത്തായും അരിഞ്ഞുണക്കിയുമാണ് ഉപയോഗിക്കുന്നത്. വേനൽക്കാലത്ത് നനയും വളവും നൽകിയാൽ നല്ല കായ് ഫലംകിട്ടും. ഒരു മരത്തിൽനിന്ന് ശരാശരി 100-120 കായകൾ ലഭിക്കും. വളർച്ചയുടെ വിവിധഘട്ടങ്ങളിൽ 150ഗ്രാം മുതൽ 200 ഗ്രാം വരെയുള്ള കായകൾ കിട്ടും. നന്നായി മൂത്തതിന് ശേഷമാണ് കായകൾ പറിച്ചെടുക്കേണ്ടത്. നന്നായി മൂത്ത പഴങ്ങൾ ചെറുതായി ചീന്തി വെയിലത്തുണക്കി സംസ്കരിച്ച് സൂക്ഷിച്ചു വെച്ചു ഉപയോഗിക്കുത്.
വിദേശത്ത് നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച് നട്ട് വളർത്തിയ നൂറിലധികം അപൂർവ്വ ഫലവൃക്ഷങ്ങളുടെ പറുദീസയായ തോമസിന്റെ കൃഷിയിടത്തെ കുറിച്ച് പഠിക്കാൻ വിവിധയിടങ്ങളിൽ നിന്നും പഠനസംഘങ്ങളും എത്തുക പതിവാണ്.


0 Comments